HOME
DETAILS
MAL
മലയാളികള്‍ക്ക് ഓണസമ്മാനമായി കൊച്ചി മെട്രോയില്‍ പുതിയ സ്റ്റേഷനുകള്‍
backup
September 02 2019 | 16:09 PM
കൊച്ചി: പുതിയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലയാളികള്‍ക്ക് ഓണ വിരുന്നായി കൊച്ചി മെട്രോ. നഗരത്തിന്റെ സുപ്രധാനഭാഗങ്ങളിലൂടെയാണ് മെട്രോ ഓടിത്തുടങ്ങുക. മഹാരാജാസ് കോളജ് സ്റ്റേഷന് മൂതല്‍ തൈക്കുടം വരെയാണ് പുതിയ മെട്രോയുടെ കുതിപ്പ്. ഉത്സവകാല സമ്മാനമെന്നോണം സെപ്റ്റംബര്‍ നാല് മുതല്‍ 18വരെ കെ.എം.ആര്.എല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുള്പ്പടെ എല്ലാ യാത്രക്കാര്‍ക്കും അന്‍പത് ശതമാനം ഇളവ് ലഭിക്കും. ട്രിപ്പ് പാസ് ഉള്ളവര്‍ക്ക് അന്‍പത് ശതമാനം നിരക്ക് തിരികെ ലഭിക്കും. കൂടാതെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിങ് സെപ്റ്റംബര്‍ 25വരെ സൗജന്യമായിരിക്കും.
ആതുരസേവന രംഗത്തോടുള്ള ആദരവായി ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നഴ്സുമാര്‍ക്ക് സൗജന്യയാത്ര ഉണ്ടായിരിക്കും. 350 ഓളം നഴ്സുമാര്‍ക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയോടൊപ്പമായിരിക്കും യാത്ര. ഇതേ ദിവസം കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്ന നഴ്സുമാര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുണ്ട്. കൊച്ചിയിലെ വിവിധ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് വേണ്ടിയും യാത്ര നടത്തും.
മഹാരാജാസ് സ്റ്റേഷന് മുതല്‍ തൈക്കുടം വരെയുള്ള സര്‍വിസിന് സുരക്ഷ കമ്മിഷനറുടെ അനുമതി പത്രം കെ.എം.ആര്.എല്ലിന് കൈമാറി. ചൊവ്വാഴ്ച രാവിലെ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പേട്ടയില്‍ നിന്നും എസ്.എന്‍ ജങ്ഷനിലേക്കുള്ള പാതയുടെ ഉദ്ഘാടനവും ജലമെട്രോ പദ്ധതിയുടെ ആദ്യ ടെര്‍മിനലിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. 2017ല്‍ ഓടിത്തുടങ്ങിയ മെട്രോയെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് ഓണസമ്മാനമായി നല്‍കുകയാണ് പുതിയ മെട്രോസ്റ്റേഷനുകള്‍.
കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി, സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്, മേയര്‍ സൗമിനി ജയിന്, ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, എം. സ്വരാജ്, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.എം.ആര്.എല്‍ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, ഡി.എം.ആര്.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്,ജില്ല കലക്ടര്‍ എസ്.സുഹാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."