പ്രളയാനന്തരം രൂപംകൊണ്ട പൊന്നാനിയിലെ കടല്‍ പിളര്‍പ്പ് പൂര്‍വസ്ഥിതിയിലേക്ക്
പൊന്നാനി: പ്രളയാനന്തരം പൊന്നാനി കടലില്‍ രൂപംകൊണ്ട ഒന്നര കിലോമീറ്റര്‍ നീളമുള്ള അത്ഭുത കടല്‍ പിളര്‍പ്പ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുന്നു.
നേരത്തെ വേലിയിറക്ക സമയത്ത് ഒട്ടും ഭയക്കാതെ ഉള്‍ക്കടലിലേക്ക് ഒന്നര കിലോമീറ്റര്‍ പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത് അരയോളം വെള്ളത്തിലാണ്. വേലിയേറ്റ സമയത്താണെങ്കില്‍ കടല്‍ പഴയതുപോലെയാകും. മുന്‍പ് വേലിയേറ്റ സമയത്തുപോലും കരയില്‍ നിന്ന് നോക്കിയാല്‍ മണല്‍ തിട്ട വ്യക്തമായി കാണുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വേലിയിറക്ക സമയത്തും മണല്‍തിട്ട കാണാനാകാത്ത അവസ്ഥയാണ്. പതിനഞ്ചടി താഴ്ചയുള്ള കടലായിരുന്നു ആദ്യമിവിടെ. പ്രളയശേഷമാണ് ഈ മണല്‍തിട്ട രൂപം കൊണ്ടത്.
പതിനായിരക്കണക്കിനാളുകളാണ് കടല്‍ പിളര്‍പ്പ് കാണാനും പിളര്‍പ്പിലൂടെ നടക്കാനും പൊന്നാനിയിലെത്തിയിരുന്നത്. എന്നാലിത് താല്‍ക്കാലിക പ്രതിഭാസമാണെന്ന് ചൂണ്ടിക്കാട്ടി ഇതിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിക്കുകയായിരുന്നു. ഇപ്പോള്‍ മല്‍സ്യത്തൊഴിലാളികളായ നാട്ടുകാര്‍ മാത്രമാണ് ഇതുവഴി വീശുവല എറിയാന്‍ ഈ ഭാഗത്തേക്ക് പോകുന്നത്.
ഒന്നരമാസം മുന്‍പ് ഇതിനെ രാമസേതുവാക്കി സംഘ്പരിവാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയത് ഏറെ വൈറലായിരുന്നു. ആരവങ്ങളും തിരക്കുകളും വ്യാജപ്രചാരണങ്ങളുമെല്ലാം കഴിഞ്ഞപ്പോള്‍ കടലിപ്പോള്‍ പതിയെ പതിയെ പൂര്‍വസ്ഥിതിയിലേക്ക് മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."