അനാഥാലയത്തിനെതിരേ പൊലിസ് കേസ്
തൊടുപുഴ :കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതുള്‍പ്പടെയുള്ള വിവിധ കാരണങ്ങളുടെ പേരില്‍ രാജാക്കാട് കരുണാഭവ (ഡിവൈന്‍ പ്രൊവിഡന്‍സ് ഫൗണ്ട്‌ലിങ് ഹോം) നെതിരെ പൊലിസ് കേസെടുത്തു. കുട്ടികള്‍ക്കായുള്ള കോടതിയായ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാജാക്കാട് പൊലിസാണ് കേസെടുത്തത്. സംസ്ഥാന ചരിത്രത്തില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണ് ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രം കൂടിയാണ് കരുണാഭവന്‍. ഇതിന്റെ മേധാവി ട്രീസ തങ്കച്ചനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം(2015) 33,34,80,81,74(1) വകുപ്പുകളനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം 409 വകുപ്പിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്,സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍ നാലിന് കരുണാഭവനില്‍ നടത്തിയ പരിശോധനയിലാണ് ഈ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.ഇതു സംബന്ധിച്ച റിപോര്‍ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍ ഉണ്ടായത്.
അഡ്മിഷന്‍ രജിസ്റ്ററിലും ഹാജര്‍ ബുക്കിലും മറ്റ് രേഖകളിലും പേര് സൂക്ഷിക്കാത്ത ആറ് കുട്ടികളെയാണ് ഇവിടെ കണ്ടെത്തിയത്.അനധികൃതമായി കൈമാറ്റം ചെയ്യുന്നതിനാണ് ഹാജര്‍ ബുക്കില്‍ ഉള്‍പ്പെടുത്താതെ കുട്ടികളെ പാര്‍പ്പിച്ചതെന്നാണ് ആക്ഷേപം.
ഇത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. മാത്രമല്ല ഒരു കുട്ടിയുടെ മാതാവിന്റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയ ഒന്നും എഴുതാത്ത മുദ്രപത്രവും കണ്ടെത്തിയിരുന്നു. ഇത് അനധികൃത കൈമാറ്റം ലക്ഷ്യമിട്ടുള്ളതാണെന്നാണ് കരുതുന്നത്.
കണ്ടെത്തിയ ആറുകുട്ടികളില്‍ ഒന്നര വയസ്സുകാരി ഏതാനും ദിവസത്തിനുള്ളില്‍ മരിച്ചു.ഇത് യഥാസമയം ചികില്‍സ കിട്ടാത്തതു മൂലമാണെന്നു റിപോര്‍ടില്‍ പറയുന്നു. ഇവയൊക്കെ സംബന്ധിച്ച് സ്ഥാപന നടത്തിപ്പുകാരോട് വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ക്രമക്കേടുകള്‍ സാമൂഹിക നീതി വകുപ്പിനെ അറിയിച്ചു.
ഇതിന്റെ തുടര്‍ച്ചയായി സാമൂഹിക വകുപ്പ് ഡപ്യൂടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും അനാഥാലയത്തില്‍ പരിശോധന നടത്തി. ഇവരും ക്രമക്കേടുകള്‍ ശരിവച്ചതോടെ അനാഥാലയത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് അധികൃതരോട് ആവശ്യപ്പെട്ടത്.
ഇതിനു സ്ഥാപനം മറുപടി നല്‍കിയെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല.ഇതിനിടയിലാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."