പതാക കത്തിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമം തിരിച്ചറിയുക: എം.എസ്.എഫ്
കോഴിക്കോട്: പേരാമ്പ്രയില്‍ എം.എസ്.എഫ് പതാക കത്തിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമം തിരിച്ചറിയണമെന്ന് സംസ്ഥാന പ്രസിഡണ്ടന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പേരാമ്പ്ര സില്‍വര്‍ കോളജിലെ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ഉപയോഗിച്ച പതാക പാകിസ്താന് പതാകയാണെന്നുപറഞ്ഞ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘ്പരിവാര്‍ നേതൃത്വത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ്.
കേരളത്തിലെ മാധ്യമങ്ങളും വസ്തുത മനസിലാക്കിയ ദേശീയ മാധ്യമങ്ങളും സത്യാവസ്ഥ പ്രചരിപ്പിച്ചപ്പോള്‍ സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ എം.എസ്.എഫ് പതാക കത്തിച്ചത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാര് ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടണ്ട. സംഘ്പരിവാര്‍ ആരോപണം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ എസ്.എഫ്.ഐ നേതൃത്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കുകയാണ്. അനാവശ്യമായ പ്രസ്താവന പിന്‍വലിക്കാന്‍ എസ്.എഫ്.ഐ തയാറാകണമെന്നും എം.എസ്.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."