മോദി സര്‍ക്കാര്‍ ജമ്മു- കശ്മിര് സംസ്ഥാനത്തെ ഇല്ലാതാക്കി: പ്രകാശ് കാരാട്ട്
കോഴിക്കോട്: മോദി സര്‍ക്കാര്‍ ജമ്മു- കശ്മിര് സംസ്ഥാനത്തെ ഇല്ലാതാക്കിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോഴിക്കോട്ട് കേളുവേട്ടന് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംകള് കൂടുതലുള്ളതിനാല്‍ ജമ്മു- കശ്മിര് സംസ്ഥാനത്തെ ഇല്ലാതാക്കുകയെന്ന വര്ഗീയനയമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിട്ടുപോലും ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ സന്മനസുകാണിച്ചവരാണ് കശ്മിരികള്‍. ജമ്മുകശ്മിരില് രാജഭരണം തുടരണമെന്നും ഇന്ത്യയില്‍ ലയിക്കരുതെന്നുമായിരുന്നു പ്രജാപരിഷത്ത് എന്ന അന്നത്തെ ആര്.എസ്.എസ് നിലപാടെടുത്തത്.
370ാം വകുപ്പാണ് സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് പറയുന്ന ബി.ജെ.പി എന്തുകൊണ്ടാണ് മേഘാലയ, നാഗാലന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക പദവി എടുത്തുകളയാത്തതെന്നും അദ്ദേഹം ചോദിച്ചു. കശ്മിരിനെ വിഭജിക്കുകയും സംസ്ഥാനത്തെ ഇല്ലാതാക്കുകയുമെന്നത് സംഘ്പരിവാറിന് നേരത്തെയുള്ള അജന്‍ഡയാണ്. മോദിയും അമിത്ഷായും ഭരിച്ച ഗുജറാത്തിനേക്കാള്‍ എത്രയോ പുരോഗതി പ്രാപിച്ച സംസ്ഥാനമാണ് ജമ്മു- കശ്മിര്. തടവിലാക്കപ്പെട്ട ആ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്കുവേണ്ടി ശബ്ദിക്കാനും മതേതര ജനാധിപത്യ കക്ഷികള്‍ ഒറ്റക്കെട്ടായി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.ടി ജലീല്‍, ടി.പി രാമകൃഷ്ണന്, എളമരം കരീം എം.പി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."