കാലിക്കറ്റ് സര്‍വകലാശാലയില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡി.എസ്.യു തെരഞ്ഞെടുപ്പിന് ശേഷം എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകര്‍ ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും രണ്ട് മണിക്കൂറോളം ഉപരോധവും നടത്തി. വിദ്യാര്‍ഥികളായ സി. ജിതിന്, പി.സുദേവ് എന്നീ കെ.എസ്.യു പ്രവര്‍ത്തകരെ പരുക്കുകളോടെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മെന്‍സ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനായ ജിതിനെ പത്തോളം വരുന്ന സംഘം മര്‍ദിച്ചതാണ് സംഭവത്തിന് തുടക്കം. ഇതില്‍ പ്രതിഷേധിച്ച് കാംപസില്‍ കെ.എസ്.യു പഠിപ്പ് മുടക്കി സമരം പ്രഖ്യാപിച്ചു.
സമരം നടക്കുന്നതിനിടയില്‍ സി.എച്ച് ലൈബ്രറി പരിസരത്ത് സുദേവിനേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് മര്ദിക്കുകകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. ഭരണ കാര്യാലയത്തില്‍ ബ്ലോക്കില്‍ സമരം ചെയ്യാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ ക്കാര് തടയാന്‍ ശ്രമിച്ചതോടെ കെ.എസ്.യു എസ്.എഫ്.ഐ ക്കാരും കയ്യാങ്കളിയായി.
തുടര്‍ന്ന് അധ്യാപകരും പൊലിസും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് 33 പഠന വകുപ്പുകളിലും കെ.എസ്.യു പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. പി.വി.സിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധ മാര്‍ച്ച് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി. റംഷാദ് ഉദ്ഘാടനം ചെയ്തു. സെനറ്റംഗം മുഹ്സിന് കാതിയോട് അധ്യക്ഷനായി. കെ.സി ബിബിന്‍, അര്ജുന് കറ്റയാട്ട്, ബബിന രാജ്, സി. പ്രസീദ, ആതിര ജോസ്, വിനീത ലൂക്കോസ്, സി.ആതിര, സതീഷ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."