ഗള്‍ഫിലെ തൊഴില്‍ പ്രതിസന്ധി; ഭയാശങ്കയോടെ മലപ്പുറം
മലപ്പുറം: സഊദി അറേബ്യയ്ക്കു പിന്നാലെ ഒമാന്‍, കുവൈറ്റ് രാജ്യങ്ങളിലേക്കും കൂടി വ്യാപിച്ച തൊഴില്‍ പ്രതിസന്ധിയില്‍ ആശങ്കയോടെ മലപ്പുറം. ആയിരക്കണക്കിനു പ്രവാസികളനുഭവിക്കുന്ന തൊഴില്‍ പ്രശ്‌നം പുതിയ സാഹചര്യത്തില്‍ ഏറ്റവും ബാധിക്കുന്നതു ജില്ലയെയാണ്. ജില്ലയില്‍ പ്രവാസികളുടെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്നത് 2.28 ലക്ഷം കുടുംബങ്ങളാണ്.
എട്ടു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള കുവൈറ്റില്‍ മൂന്നു മാസത്തിലേറെയായി ശമ്പളം മുടങ്ങിക്കിടക്കുന്നവര്‍ നിരവധിയാണ്. ഇവരില്‍ നാലായിരത്തോളം മലയാളികളുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവരിലേറെയും മലപ്പുറത്തുകാരാണ്. ഒമാനിലും നൂറിലേറെ മലയാളി നഴ്‌സുമാരുള്‍പ്പെടെ നിരവധി പേര്‍ക്കു കൂട്ടപ്പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ തൊഴില്‍പരിചയമുള്ളവരെയടക്കമാണു സ്വദേശിവത്കരണത്തിന്റെ പേരില്‍ വിവിധ ജോലികളില്‍ നിന്നു പിരിച്ചുവിടുന്നത്. ധാരാളം പേര്‍ക്ക് ഇതിനകം നോട്ടിസ് ലഭിച്ചുകഴിഞ്ഞതായാണു വിവരം.
സാമ്പത്തിക സ്ഥിതി വിവരണകണക്കു വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലക്കാരായ 93,294പേരാണു കുവൈറ്റില്‍ ജോലി ചെയ്യുന്നത്. ജില്ലയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. 1,54,246 പേരാണു സൗദിയിലുള്ളത്. യുഎഇയില്‍ 93,294 പേരും ജില്ലക്കാരായി ഉണ്ട്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടു സഊദിയിലെ വിവിധ ക്യാംപുകളില്‍ കഴിയുന്ന മലയാളികള്‍ക്കു നാട്ടിലേക്കു മടങ്ങാനും ശമ്പള കുടിശിക ലഭ്യമാക്കാനും ആവശ്യമായ പ്രാഥമിക നടപടികള്‍ നോര്‍ക്കയുടെ കീഴില്‍ ആരംഭിച്ചതു പ്രവാസികള്‍ക്ക് ആശ്വാസമായി. തൊഴില്‍ രഹിതരെ താമസിപ്പിച്ചിട്ടുള്ള ക്യാംപുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി, മലയാളി സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്ക വകുപ്പ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നു വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. മടങ്ങാന്‍ താത്പര്യമുള്ളവരുടെ പട്ടിക രണ്ടു ദിവസത്തിനകം ഇമെയിലില്‍ ലഭ്യമാക്കാന്‍ നോര്‍ക്ക റൂട്ട്‌സ് നടപടി എടുത്തിട്ടുണ്ട്. അഞ്ച് ക്യാംപുകളിലായി ഏകദേശം എഴുന്നൂറോളം മലയാളികള്‍ ഉണ്ടെന്നാണു ലഭ്യമായ വിവരം.
ജില്ലയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ജോലി ചെയ്യുന്നത് അവിദഗ്ധ മേഖലയിലായതിനാല്‍ പുതിയ നിയമങ്ങള്‍ ഇവരെ പ്രതികൂലമായി ബാധിക്കും. അവിദഗ്ധ മേഖലയെ അപേക്ഷിച്ചു വിദഗ്ധ മേഖലയില്‍ ജോലിനോക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അധ്യാപകന്‍മാരായി 825 പേരും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന 2782 പേരും എന്‍ജിനീയര്‍മാരായ 2999 പേരും 802 നഴ്‌സുമാരും 321 ഡോക്ടര്‍മാരുമാണു ജില്ലയിലെ പ്രവാസികള്‍. ഗള്‍ഫ് പണത്തെ ആശ്രയിച്ച് കഴിയുന്ന മലപ്പുറത്തിന്റെ ഭാവിയെക്കുറിച്ചുള്ള അപായസൂചനകള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുകയാണു ഗള്‍ഫ് കുടുംബങ്ങളും ആശ്രിതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."