പുനര്‍ മൂല്യനിര്‍ണയത്തില്‍ 23 മാര്‍ക്ക്; നഷ്ടപ്പെട്ട അംഗീകാരത്തിന് നീതി തേടി വിദ്യാര്‍ഥി
മലപ്പുറം: പ്ലസ്ടു പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തില്‍ പുനര്‍മൂല്യ നിര്‍ണയത്തില്‍ 23 മാര്‍ക്ക് അധികം നേടിയെങ്കിലും മുഴുവന്‍ എ പ്ലസിനുള്ള അംഗീകാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കല്‍ തുടങ്ങിയ അവകാശങ്ങള്‍ നഷ്ടമായ വിദ്യാര്‍ഥിയുടെ പിതാവ് നീതിതേടി സംസ്ഥാന ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചു. വഴിക്കടവ് സ്വദേശി സാമുവല്‍ വര്‍ഗീസാണ് മകന്‍ സുബിന്‍ വര്‍ഗീസ് സാമുവലിന് വേണ്ടി കമ്മിഷനെ സമീപിച്ചത്. 2016-17 അധ്യായന വര്‍ഷത്തില്‍ പാലേമാട് ശ്രീ വിവേകാനന്ദാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന സുബിന് പ്ലസ്ടു പരീക്ഷയില്‍ ആദ്യം 640ല്‍ 593 മാര്‍ക്കാണ് ലഭിച്ചിരുന്നത്.
ഇംഗ്ലീഷ് വിഷയത്തിന്റെ പുനര്‍മൂല്യ നിര്‍ണയത്തില്‍ മാര്‍ക്ക് 49ല്‍ നിന്നും 72 ആയി. എന്നാല്‍ എപ്ലസ് നേടിയ കുട്ടികളെ ആദരിച്ച ചടങ്ങില്‍ സുബിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ നല്‍കാനും ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ലഭിക്കുന്നതിന് കഴിയാതെ വന്ന സാഹചര്യത്തില്‍ തീര്‍ത്തും അശ്രദ്ധമായും നിരുത്തരവാദപരമായും ഉത്തര കടലാസ് പരിശോധിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരനായ പിതാവ് സാമുവല്‍ വര്‍ഗീസ് കമ്മിഷനോട് അഭ്യര്‍ഥിച്ചു.ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം ഉത്തര കടലാസ് ഒരിക്കല്‍ കൂടി പരിശോധിച്ചു വരികയാണ്.
മൂല്യനിര്‍ണയം നടത്തിയ അധ്യാപകനെ കണ്ടെത്താനും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ പങ്കെടുത്തു. മുന്‍കൂട്ടി ലഭിച്ച 31 പരാതികളില്‍ ഒന്‍പതെണ്ണത്തില്‍ ഉത്തരവിനായി മാറ്റിവച്ചു്. പുതുതായി നാല് പരാതികള്‍ ലഭിച്ചുണ്ട. ബാങ്കിങ് സംബന്ധിച്ച പരാതികള്‍, അറബിക് അധ്യാപകരുടെ എന്‍.സി.എ ഒഴിവ് നികത്തല്‍, ബി.പി.എലില്‍ ഉള്‍പ്പെടുത്തല്‍, വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയ പരാതികളാണ് ലഭിച്ചിരുന്നത്. കമ്മിഷന്റെ അടുത്ത സിറ്റിങ് ഡിസംബര്‍ അഞ്ചിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."