കാടുകളില്‍ അക്ഷര വെളിച്ചം: പുരോഗതിയുടെ പാതയില്‍ കാട്ടുവാസികളും
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: നെയ്യാര്‍ കാടുകളില്‍ അപരിഷ്‌കൃതരായി ജീവിച്ചിരുന്ന ആദിവാസികളെ കാട്ടുജാതിക്കാരെന്നും കാണിക്കാരെന്നും വിളിച്ച് അധിക്ഷേപിച്ചിരുന്ന കാലം ഇന്ന് ഓര്‍മ മാത്രം. ഇന്നിവിടെയെങ്ങും സ്‌കൂളും സിമന്റ് ഇഷ്ടികകള്‍ കൊണ്ടുള്ള ഇരുനില വീടുകളും മുറ്റത്ത് ഉദ്യാനങ്ങളും റബറൈസ്ഡ് ഡോറുകളും വൈദ്യുതി വിളക്കുകളും നിറഞ്ഞ നാട്ടിന്‍പുറങ്ങളായി മാറുന്ന കാഴ്ചയാണ്.
ഈറ ഓലകളില്‍ നിര്‍മിച്ച മേല്‍ക്കൂരയും ചുമരുമുള്ള ചെറ്റക്കുടിലുകള്‍ ഇന്ന് നെയ്യാര്‍ കാടുകളില്‍ കാണാനില്ല. ആനയും കാട്ടുപോത്തുകളും ആക്രമിക്കാനെത്തുമ്പോള്‍ ആദിവാസികള്‍ നിലവിളിച്ചോടുന്ന കാഴ്ചയും ഇന്ന് അന്യമാണ്. വന്യമൃഗങ്ങളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ പാറ അപ്പുകളെയും ഏറുമാടങ്ങളെയുമായിരുന്നു ഇവര്‍ ആശ്രയിച്ചിരുന്നത്. ശരിക്കുമൊരു ഭാഷ പോലും ഇവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെയ്യാര്‍ കാടുകളിലെ കാണിക്കാര്‍ എന്ന ഗോത്ര വര്‍ഗം അര്‍ധ നഗ്നരും പൂര്‍ണ നഗ്നരും ആയിരുന്നു. കടന്നലുകളുടെ മുട്ടയും ഈയ്യാന്‍ പാറ്റകളെയും പിടിച്ച് കറിവെച്ചും വറുത്തും കഴിച്ച് പട്ടിണി അകറ്റിയിരുന്ന കാലം ഇന്ന് വിസ്മൃതിയിലായി.
കാട്ടുകിഴങ്ങും കാട്ടുതേനും കാട്ടുനെല്ലിക്കയുമായിരുന്നു ഇവരുടെ പ്രധാന ഭക്ഷണ ക്രമം. ഇന്ന് നെല്ലരിയും കടല്‍ മീനും പുട്ടും കടല കറിയും ഇഡലിയും ദോശയുമെല്ലാമാണ് ഈ ആദിമനിവാസികളുടെ നവീന ആഹാര രീതി. മൃഗങ്ങളുടെ അസ്ഥികള്‍ കൊണ്ടുണ്ടാക്കിയ കുഞ്ഞ് കല്ലുമാലകളാണ് കഴുത്തിലും കാതിലും കൈകളിലും ഇവര്‍ അണിഞ്ഞിരുന്നത്. ഇപ്പോള്‍ സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും പഴമയുടെ സ്ഥാനം കൈയടക്കി. കാട്ടുജീവികളുടെ തോലുകളും വീതി കൂടിയ ഇലകളുമായിരുന്നു അന്നത്തെ വസ്ത്രം. പുരുഷന്മാര്‍ ഇതൊന്നും അണിയാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇന്നത്തെ സ്ത്രീകള്‍ സാരിയും ബ്ലൗസും പെണ്‍കുട്ടികള്‍ ചുരിദാറും ആണ്‍കുട്ടികള്‍ പാന്‍സും ഷര്‍ട്ടും ധരിച്ചാണ് നാട്ടിന്‍പുറങ്ങളിലും വിദ്യാലയങ്ങളിലും പോയ് വരുന്നത്.
ഇവരെ നിയന്ത്രിച്ചിരുന്ന കാട്ടുമൂപ്പന്മാരും ഇന്ന് നെയ്യാര്‍ വനങ്ങളില്‍ കാണാനില്ല. ഈ ആദിവാസികള്‍ ഇപ്പോള്‍ എന്തിനും ഏതിനും ആശ്രയിക്കുന്നത് നാട്ടുകാരെയാണ്.മുന്‍കാലങ്ങളില്‍ കൊല്ലാനും വളര്‍ത്താനും അധികാരമുണ്ടായിരുന്ന കാട്ടുമൂപ്പന്മാരുടെ കാലത്ത് ഒന്നിനും നാട്ടിലെ പൊലിസ് സ്റ്റേഷനുകളെ ആശ്രയിച്ചിരുന്നിരുന്നില്ല.
ഇപ്പോള്‍ ഏത് കുറ്റത്തിനും അതാത് പൊലിസ് സ്റ്റേഷനുകളെ സമീപിക്കുന്ന ആദിവാസികള്‍ ആധുനികതയുടെ പടവുകള്‍ ചവിട്ടുന്നു. ഇന്ന് ഉപരി വിദ്യാഭ്യാസമുള്ള ആദിവാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുന്നതായി സര്‍ക്കാര്‍ സര്‍വേകള്‍ തന്നെ വ്യക്തമാക്കുന്നു.മുന്‍കാലങ്ങളില്‍ പത്തും പന്ത്രണ്ടും വയസുള്ള ആദിവാസി കുട്ടികളാണ് ഒന്നാം ക്ലാസില്‍ എത്തുക. അത് അക്ഷര ജ്ഞാനത്തിനായിരുന്നില്ല. വിശപ്പകറ്റാന്‍ പാത്രങ്ങളുമായി എത്തുന്ന കാഴ്ചകളായിരുന്നു കാടുകള്‍ക്ക് പറയുവാനുണ്ടായിരുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ പാത്രങ്ങളുമായി പുരവിമല ട്രൈബല്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ വന്നിരുന്ന കാഴ്ച ഇന്നില്ല. അന്ന് സ്‌കൂളുകളില്‍ കുട്ടികള്‍ക്കൊപ്പം വരുന്ന മുതിര്‍ന്നവര്‍ക്കും കഞ്ഞിയും മറ്റ് ആഹാരങ്ങളും നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ കുട്ടികളെ സ്‌കൂളുകളില്‍ എത്തിച്ചയുടന്‍ പണി സ്ഥലങ്ങളിലോ വീട്ടിലേക്കോ മുതിര്‍ന്നവര്‍ മടങ്ങുന്ന കാഴ്ചയാണ് നെയ്യാര്‍ കാടുകള്‍ക്ക് പറയുവാനുള്ളത്.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസികളുടെ ഉന്നമനത്തിനായി നല്‍കുന്ന പ്രാധാന്യം തന്നെയാണ് കാടിന്റെ മക്കളുടെ ഉയര്‍ച്ചയ്ക്ക് കാരണമായത്. ഇപ്പോള്‍ ആദിവാസി മേഖലയിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'വന ജ്യോതി'പദ്ധതി (രാത്രി പാഠശാലകള്‍) നിലവില്‍ വരുകയാണ്. ജില്ലയിലെ 15 ആദിവാസി ഊരുകളിലാണ് പാഠശാലകള്‍ ആരംഭിക്കുന്നത്. ഓരോ ഊരിലും 15 അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. പദ്ധതി അടുത്തമാസം നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."