ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണ പദ്ധതി സ്തംഭിച്ചു
വടക്കാഞ്ചേരി: ഓട്ടുപാറ പട്ടണ ഹൃദയത്തിലെ നഗരസഭ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ സ്തംഭിച്ചു.
പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റാന്‍ഡ് അടച്ചിട്ടിട്ടു ഒരു മാസം പിന്നിടുമ്പോള്‍ സ്റ്റാന്‍ഡിനുള്ളിലെ വ്യാപാരികളും ജനങ്ങളും ഒരുപോലെ ദുരിതത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ ഇനി എന്നു പുനരാരംഭിക്കുമെന്നു പറയാനാകാതെ നഗരസഭ ഇരുട്ടില്‍ തപ്പുകയാണ്.
എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു നല്‍കാതെ പണിയുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കരാറുകാരന്‍. ഒരു മാസത്തിനുള്ളില്‍ ആധുനിക ബസ് സ്റ്റാന്‍ഡ് ജനങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നായിരുന്നു നഗരസഭയുടെ അവകാശവാദം. ഇതു ജലരേഖയായി.
മാസം ഒന്നു പിന്നിടുമ്പോള്‍ പണി എവിടെയുമെത്തിയിട്ടില്ല. തകര്‍ന്നു തരിപ്പണമായി കിടന്നിരുന്ന ഉള്‍വശം പൂര്‍ണമായും പൊളിച്ചുനീക്കി വെള്ളക്കെട്ടുണ്ടാകാത്ത വിധം ഉയര്‍ത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ടൈല്‍സ് പതിച്ചു മനോഹരമാക്കുന്നതിനായിരുന്നു പദ്ധതി.
17 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ജെ.സി.ബി സ്റ്റാന്‍ഡിനുള്‍വശം പൂര്‍ണമായും പൊളിച്ചടുക്കി. എന്നാല്‍ പുതിയ പ്രതലം സജ്ജമാക്കിയതോടെ നിര്‍മാണ അപാകതയെ കുറിച്ചു വിമര്‍ശനമുയര്‍ന്നു. ഒട്ടും ശാസ്ത്രീയമല്ല പണികളെന്നായിരുന്നു പരാതി. നിലം ഉറപ്പിച്ചത് റോഡ് റോളര്‍ ഉപയോഗിച്ചാണെന്നും ഹൈഡ്രോളിക് റോളര്‍ ഉപയോഗിച്ചാലെ പ്രവര്‍ത്തന ഗുണനിലവാരം ഉണ്ടാകൂ എന്ന വിമര്‍ശനം കനത്തു. ഉള്‍വശത്തിന് ആവശ്യമായ ഉയരമില്ലെന്ന പരാതിയും ഉയര്‍ന്നു.
നഗരസഭ കരാറുകാരനോട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുയര്‍ത്തിയതോടെ അകമല സ്വദേശി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. എസ്റ്റിമേറ്റ് തുകക്ക് പണിയുമായി മുന്നോട്ട് പോകാനാവില്ലെന്നും കൂടുതലായി 6 ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ പ്രതിസന്ധി കനത്തു.
ഫണ്ട് കണ്ടെത്താനാകാതെ നഗരസഭ നട്ടം തിരിയുകയാണ്.
പ്രശ്‌നം അടുത്ത നഗരസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രതിസന്ധി പരിഹാരത്തിന് നടപടി കൈകൊള്ളുമെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍ അറിയിച്ചു. എന്നാല്‍ ഇനിയും മാസങ്ങള്‍ പിന്നിടാതെ പണി പൂര്‍ത്തീകരിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം.
നിലവില്‍ ഏറെ തിരക്കുള്ള സംസ്ഥാന പാതയിലാണ് സ്റ്റാന്‍ഡ്. ഇത് പട്ടണത്തെ സദാസമയവും ഗതാഗതകുരുക്കിലാക്കുകയാണ്. അതിനിടെ നഗരസഭയുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, അനാസ്ഥയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."