ഡി.വൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍
കോഴിക്കോട്: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ചോദ്യം ചെയ്ത ഡി.വൈ.എസ്.പിമാരെ പരസ്യമായി ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.
'എടോ സദാനന്ദാ, പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല മൈന്‍ഡ് ഇറ്റ്' എന്നിങ്ങനെ പോകുന്നു സുരേന്ദ്രന്റെ ഭീഷണി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ പൊലിസിനെതിരേ വെല്ലുവിളി നടത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താന്‍ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതില്‍ അദ്ഭുതമില്ല. എന്നാല്‍ ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ? എന്താണ് അവര്‍ക്ക് ഈ കേസിലുള്ള താല്‍പ്പര്യം? അവരെ ഫസല്‍ കേസ്സ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കില്‍ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സില്‍ കോടതിയില്‍ കൊടുക്കുന്ന പതിവ് ഇന്ത്യയില്‍ വേറെ ഏതെങ്കിലും കേസ്സില്‍ ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന്‍ കേസ്സ് അന്വേഷിക്കുന്നതിനിടയില്‍ ടി. കെ രജീഷ് നല്‍കിയ മൊഴി എവിടെപ്പോയി?
താനാണ് കെ. ടി. ജയകൃഷ്ണന്‍ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നല്‍കിയതെവിടെ? അപ്പോള്‍ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സര്‍വീസ് ചട്ടങ്ങള്‍ക്കു നിരക്കുന്നതാണോ? ഇവര്‍ ആരുടെ ഇംഗിതമാണ് കണ്ണൂരില്‍ നടപ്പാക്കുന്നത്? ഇവര്‍ ചെയ്തത് കുറ്റമല്ലേ? ഇവര്‍ക്കെതിരെ നടപടി ആവശ്യമില്ലേ?
എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇററ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."