മെഡി. കോളജിലെ പോളി ട്രോമാ വിഭാഗം പ്രവര്‍ത്തന സജ്ജമാകുന്നു
തിരുവനന്തപുരം: ചികിത്സാ സൗകര്യങ്ങളിലെ പരിമിതി എന്ന വാചകത്തിന് അവസാനം കുറിക്കുന്ന സജ്ജീകരണങ്ങളുമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയില്‍ പോളിട്രോമാ വിഭാഗം പ്രവര്‍ത്തനം തുടങ്ങാന്‍ ഒരുങ്ങി. അപകടങ്ങളിലും മറ്റും ഗുരുതരമായ പരുക്കേറ്റ് വരുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആദ്യമണിക്കൂറുകളില്‍ നടത്തുന്ന കഠിനപ്രയത്‌നം വിജയിക്കുന്നതിന് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്.
അത്തരം ആധുനിക സജ്ജീകരണങ്ങള്‍ക്കാണ് മന്ത്രി കെ.കെ ശൈലജയുടെ പരിപൂര്‍ണ പിന്തുണയോടെ അവിടെ വേണ്ട ഓരോ സംവിധാനങ്ങളും തയാറാക്കിയിട്ടുള്ളത്.
നിലവില്‍ ന്യൂറോസര്‍ജറി വിഭാഗത്തിനുള്ള ഒന്‍പത് തീവ്രപരിചരണ കിടക്കകള്‍ക്കു പകരം ലോകോത്തര നിലവാരത്തിലുള്ള 18 കിടക്കകളാണ് സ്ഥാപിച്ചിരിക്കുന്നത്. സര്‍ജറി വിഭാഗത്തില്‍ ഇത്തരത്തിലുള്ള ഏഴ് കിടക്കകള്‍ക്കു പകരം 18 കിടക്കകള്‍ വേറെയുമുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോസര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായ രോഗികള്‍ക്ക് അതീവശ്രദ്ധയും പരിപാലനവും ചികിത്സയും അത്യാവശ്യമാണ്. ഇങ്ങനെ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് മറ്റേതൊരു അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയെയും പോലെ പുത്തന്‍ പോളി ട്രോമാ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാകും. മറ്റ് ആശുപത്രികളില്‍ ഈടാക്കുന്ന വന്‍തുക ഇവിടെയില്ലെന്നതുമാത്രമാണ് ആകെയുള്ളൊരു വ്യത്യാസം. സുഖം പ്രാപിച്ചുവരുന്ന രോഗികളെ തിരികെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ മാറ്റും.
വാര്‍ഡുകള്‍ക്കു പകരം ഉയര്‍ന്ന നിലവാരത്തിലുള്ളതും വെന്റിലേറ്റര്‍ സൗകര്യമുള്ളതുമായ കിടക്കകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇതു കൂടാതെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക്, മള്‍ട്ടി ഡിസിപ്ലിനറി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആകെയുള്ള 146 തീവ്രപരിചരണ വിഭാഗ കിടക്കകളില്‍ പോളിട്രോമാ കിടക്കകള്‍ക്ക് അവയുടെ പ്രാധാന്യമനുസരിച്ചുള്ള എല്ലാ പരിഗണനയും നല്‍കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."