ചിരട്ടക്കോണത്തും പനവേലിയിലും മോഷ്ടാക്കള്‍ വിലസുന്നു
കൊട്ടാരക്കര:ചിരട്ടക്കോണം, പനവേലി ഭാഗങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നു. ഒരു മാസത്തിനിടയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടന്നത് പത്ത് മോഷണങ്ങള്‍. രാത്രികാലങ്ങളില്‍ മോഷ്ടാക്കളുടെ ശല്യമേറിയിട്ടും പൊലിസ് ഈ വഴി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. പനവേലി ചിരട്ടക്കോണം റോഡരികിലുള്ള ആരണ്യകത്തില്‍ കെ.സുഭാഷിന്റെ വീട്ടിലായിരുന്നു ഒടുവിലത്തെ മോഷണം. 19ന് മൂന്നാറില്‍ പോയിരുന്ന സുഭാഷും വീട്ടുകാരും പിറ്റേദിവസം ഉച്ചയോടെ തിരികെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ പൊളിച്ച് മോഷ്ടാക്കള്‍ കയറിയ വിവരം അറിയുന്നത്. അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയും മറ്റും കുത്തിപ്പൊളിച്ചിട്ടുണ്ട്. സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്ന നിലയിലാണ്. കൊട്ടാരക്കര പൊലിസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. കെ.എസ്.സദനത്തില്‍ സേതുനാഥന്‍, വൈ.ബി.ഭവനില്‍ യശോധരന്‍, കണിയാരുവീട്ടില്‍ റോസമ്മ, പത്തീലഴികത്ത് വീട്ടില്‍ പ്രദീപ്, ഹര്‍ഷാലയത്തില്‍ കെ.ഷാജി, പത്മവിലാസത്തില്‍ ഗിരിജാദേവി, തലച്ചിറ ജിന്‍സി ഭവനില്‍ സാമുവല്‍ മത്തായി എന്നിവരുടെ വീടുകളിലും ഒരു മാസത്തിനുള്ളില്‍ മോഷണം നടന്നിരുന്നു. ലാപ്‌ടോപ്, കംപ്യൂട്ടര്‍, ടി.വി തുടങ്ങിയവ അപഹരിച്ചിരുന്നു. ആളില്ലാത്ത വീടുകളിലാണ് മോഷ്ടാക്കള്‍ എത്താറുള്ളത്. ഒരു ദിവസം വീട്ടില്‍ ഇല്ലെങ്കില്‍ കൂടി മോഷ്ടാക്കള്‍ എത്തുന്നതിനാല്‍ പരിസരവാസികള്‍ക്ക് മോഷണത്തില്‍ പങ്കുണ്ടോയെന്നും സംശയിക്കുന്നു.
എല്ലാ വീടുകളിലും മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. വെട്ടിക്കവല, ചിരട്ടക്കോണം, തലച്ചിറ, പനവേലി ഭാഗങ്ങളില്‍ വര്‍ഷങ്ങളായി മോഷ്ടാക്കളുടെ ശല്യം ഉള്ളതിനാല്‍ സ്വര്‍ണവും പണവും വീടുകളില്‍ വച്ചിട്ട് ആരും പുറത്ത് പോകാറില്ല. മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും വിതറിയിട്ടാണ് മോഷ്ടാക്കള്‍ മടങ്ങാറുള്ളത്. പൊലിസ് നായ മണംപിടിക്കാതിരിക്കാനുള്ള സൂത്രമാണിതെന്നാണ് നിഗമനം.
രാത്രികാലങ്ങളില്‍ ലൈറ്റിടാത്ത വീടുകളില്‍ ബെല്ലടിക്കാറുണ്ട്. ആളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഓടി രക്ഷപെടും. ആളില്ലെന്ന് വ്യക്തമായാല്‍ കതക് പൊളിക്കുന്നതാണ് രീതി. മോഷണം പെരുകിയതോടെ നാട്ടുകാര്‍ റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."