എം.എം ഹസനെ ധിക്കരിച്ച് ഗ്രൂപ്പുയോഗം ചേര്‍ന്നു; എ ഗ്രൂപ്പില്‍ വീണ്ടും പൊട്ടിത്തെറി
കൊല്ലം: കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്റെ സാന്നിധ്യത്തില്‍ പരിഹരിച്ച ജില്ലയിലെ എ ഗ്രൂപ്പിലെ ഐക്യം വീണ്ടും തകര്‍ന്നു. എ ഗ്രൂപ്പിലെ ഐക്യത്തിന് ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ ഗ്രൂപ്പിലെ ഒരുവിഭാഗം യോഗം ചേര്‍ന്നത്. എം.എം ഹസന്‍ ഏതാനും ദിവസം മുമ്പാണ് തിരുവനന്തപുരത്ത് എ ഗ്രൂപ്പിലെ ഭിന്നത തീര്‍ക്കാന്‍ യോഗം വിളിച്ചത്. അകന്നുനില്‍ക്കുന്ന കൊടിക്കുന്നില്‍ വിഭാഗത്തെയും വിളിച്ചുചേര്‍ത്തായിരുന്നു അന്നു യോഗം ചേര്‍ന്നത്. ഇതനുസരിച്ച് ഇരുവിഭാഗത്തില്‍ നിന്നും അഞ്ചുപേരെ വീതം ഉള്‍ക്കൊള്ളിച്ച് കോര്‍ ഗ്രൂപ്പ് കൂടാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യപിക്കുന്നതായിരുന്നു ഇന്നലത്തെ യോഗം. കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, സെക്രട്ടറി എ ഷാനവാസ്ഖാന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, സി.ആര്‍ നജീബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് അറിയുന്നത്. യോഗത്തില്‍ ഏതാനുംപേര്‍ മാത്രമാണ് സംസാരിച്ചത്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തണമെങ്കില്‍ കൊടിക്കുന്നില്‍ വിഭാഗവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന വികാരമാണ് ജില്ലയിലെഎ ഗ്രൂപ്പുകാര്‍ രഹസ്യമായി പങ്കുവയ്ക്കുന്നത്.
ഐക്യം വന്നാല്‍ ചിലരുടെ പ്രാധാന്യം കുറയുമെന്ന ചിന്തയാണ് ഒരുവിഭാഗം നേതാക്കള്‍ക്കുള്ളതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഹൈക്കമാന്‍ഡിന്റെ ഭാഗമായ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ മുന്‍ നിര്‍ത്തി സംഘടനാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എ ഗ്രൂപ്പിന് നേട്ടമുണ്ടാക്കാനാണ് സംസ്ഥാന എ ഗ്രൂപ്പ് നേതൃത്വത്തിന് താല്‍പ്പര്യം. കെ.സി രാജന്‍, ശൂരനാട് രാജശേഖരന്‍, എന്‍ അഴകേശന്‍, കെ സുരേഷ്ബാബു, ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയ ഐ ഗ്രൂപ്പ് നേതൃത്വത്തെ നേരിടണമെങ്കില്‍ മുന്‍ കേന്ദ്രമന്ത്രികൂടിയായ കൊടിക്കുന്നിലിനെ മുന്നില്‍ നിര്‍ത്തണമെന്ന ആവശ്യം സംസ്ഥാന എ ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്. ഭാരതീപുരം ശശി, ജി പ്രതാപവര്‍മ്മ തമ്പാന്‍, എ ഷാനവാസ്ഖാന്‍ തുടങ്ങിയവരാണ് നിലവില്‍ എ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ളത്. ഇന്നലെ ഡല്‍ഹിക്കു തിരിച്ച എം.എം ഹസന്‍ ഗ്രൂപ്പുയോഗം ചേരരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് അറിയുന്നത്.
ഇതിനിടെ എ ഗ്രൂപ്പിലെ ഭിന്നത പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കം ഐ ഗ്രൂപ്പും തുടങ്ങിക്കഴിഞ്ഞു. ബൂത്തുതലം മുതല്‍ പരമാവധി ഗ്രൂപ്പുകാരെ നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഐ ഗ്രൂപ്പു നേതൃത്വം. ഐ ഗ്രൂപ്പ് സംസ്ഥാന നേതൃത്വവും കൊല്ലത്ത് എ വിഭാഗത്തിലെ സംഭവവികാസങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."