ശബരിമല വിഷയം; കോടതി വിധി അനുസരിക്കുക മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്: മുഖ്യമന്ത്രി
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതികള്‍ പുറപ്പെടുവിച്ച വിധി അനുസരിക്കുക മാത്രമാണ് കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിസഭ അധികാരത്തിലേറുന്നത്. അപ്പോള്‍ സ്വാഭാവികമായും വിധി നടപ്പാക്കാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നത് 1991ലാണ്. ഇന്നേവരെ ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ആ വിധിയനുസരിച്ച് സ്ത്രീകളുടെ പ്രവേശനം അവിടെ തടയുകയായിരുന്നു. സ്വാഭാവികമായി വേണമെങ്കില്‍ കോടതി നിലപാടുകളെ ചോദ്യം ചെയ്യുകയോ നിയമനിര്‍മാണം നടത്തുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഒരുഘട്ടത്തിലും എല്‍ഡിഎഫ് അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല.
യുവതികളെ പ്രവേശിപ്പിക്കാത്തത് വിവേചനമാണെന്ന് കാട്ടി 2006ലാണ് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അവരൊന്നും എല്‍ഡിഎഫിന്റെ ഭാഗമായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതില്‍ വ്യക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഹിന്ദുധര്‍മശാസ്ത്രത്തെക്കുറിച്ച് അവഗാഹമുള്ളവര്‍ ഉള്‍പ്പെടുന്ന കമ്മിഷന്‍ രൂപീകരിച്ച് അവരുടെ അഭിപ്രായം തേടണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഭക്തര്‍ക്ക് അവിടെ വരാനും ദര്‍ശനം നടത്താനും ആവശ്യമായ പൂജാദികര്‍മ്മങ്ങള്‍ ചെയ്യാനും അവകാശമുണ്ടായിരിക്കും. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്നതുമൂലം ചിലനിയന്ത്രണങ്ങള്‍ വേണ്ടിവരും. വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പാക്കും. ബാക്കിയുള്ളവര്‍ക്ക് ബേസ്‌ക്യാമ്പില്‍ കഴിയാന്‍ സൗകര്യമൊരുക്കും. ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ അധ്യക്ഷനായി. സിപിഎം ജില്ലാസെക്രട്ടറി എസ് സുദേവന്‍ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, കേരളാകോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, മന്ത്രിമാരായ കെ രാജു, ജെ മേഴ്‌സിക്കുട്ടിയമ്മ, കടന്നപ്പള്ളി രാമചന്ദ്രന്‍, ജനതാദള്‍ നേതാവ് സി കെ നാണു, എന്‍സിപി സംസ്ഥാനസെക്രട്ടറി സലിം പി ചാക്കോ, സിഎംപി നേതാവ് എം കെ കണ്ണന്‍, ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് അഡ്വ. ബലദേവ്, സിപിഎംസംസ്ഥാനസെക്രട്ടേറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, മുന്‍മന്ത്രി പി കെ ഗുരുദാസന്‍, മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, സിപിഐ ദേശീയകൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, എംഎല്‍എമാരായ മുല്ലക്കര രത്‌നാകരന്‍, ആര്‍ രാമചന്ദ്രന്‍, ജി എസ് ജയലാല്‍, എന്‍ വിജയന്‍പിള്ള, എം നൗഷാദ്, അഡ്വ. പി അയിഷാപോറ്റി, കെ ബി ഗണേഷ്‌കുമാര്‍, എം മുകേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."