കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം ഇന്ന്
കുറ്റിക്കോല്‍: പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാജിവച്ചു. ബി.ജെ.പി പിന്തുണയോടെ സ്ഥിരം സമിതി അധ്യക്ഷയായ സമീറ ഖാദറാണ് സ്ഥാനം രാജിവച്ചത്. ഇതോടെ പുതിയ നാടകീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുകയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍. ഇന്നുരാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുക. പ്രസിഡന്റ് കോണ്‍ഗ്രസ് വിമത വിഭാഗത്തിലെ ലിസി തോമസിനെതിരേ സി.പി.എമ്മിലെ ആറ് അംഗങ്ങള്‍ ഒപ്പിട്ടാണ് അവിശ്വാസത്തിനുള്ള നോട്ടിസ് നല്‍കിയത്.
വൈസ് പ്രസിഡന്റിനെതിരേ നടന്ന അവിശ്വാസപ്രമേയത്തില്‍ സി.പി.എമ്മിനെ പിന്തുണച്ച രണ്ടുകോണ്‍ഗ്രസ് വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്കു തിരിച്ചുപോകാനൊരുങ്ങുകയും ബി.ജെ.പി സഹായത്തോടെ നേടിയ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാകാനിടയില്ലെന്നാണ് സൂചന. ബി.ജെ.പി അംഗമായ വൈസ് പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സമീറാഖാദറും സുനിഫ് ജോസഫും പിന്തുണക്കുകയും പ്രസിഡന്റ് പുറത്താവുകയും ചെയ്തതിനുശേഷമാണ് പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ഇരുവരും കത്തു നല്‍കിയത്.
തുടര്‍ന്ന് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്ന് കോണ്‍ഗ്രസിന്റെ നയത്തിനനുസൃതമായി പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ മേല്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യാമെന്ന് ഉപാധിവച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് ഇന്നലെ സമീറാഖാദര്‍ തല്‍സ്ഥാനം രാജിവച്ചത്.
16അംഗഭരണ സമിതിയുള്ള കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഒന്‍പതംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസം പാസാവാന്‍ വേണ്ടത്. സി.പി.എം ആറ്, സി.പി.ഐ ഒന്ന്, കോണ്‍ഗ്രസ് വിമതര്‍ അഞ്ച്, ആര്‍.എസ്.പി ഒന്ന്, ബി.ജെ.പി മൂന്ന്, എന്നിങ്ങനെയാണ് കക്ഷി നില. എന്നാല്‍ കോണ്‍ഗ്രസ് വിമതയായ പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ. കോണ്‍ഗ്രസ് വിമതരായ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റിനെതിരായ അവിശ്വാസം പാസാക്കിയെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം. എന്നാല്‍ കോണ്‍ഗ്രസ് വിമതര്‍ മാതൃസംഘടനയിലേക്കു മടങ്ങാനുള്ള തീരുമാനത്തിലെത്തിയതോടെ എങ്ങിനെയെങ്കിലും അവിശ്വാസം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."