'കത്തിയെരിഞ്ഞ ഗ്രീഷ്മത്തിനപ്പുറം പൂക്കാലം അവര്‍ സ്വപ്നം കണ്ടിരുന്നോ?'
കൊല്ലം: കത്തിയെരിഞ്ഞ ഗ്രീഷ്മത്തിനപ്പുറം ഒരു പൂക്കാലം അവര്‍ സ്വപ്നം കണ്ടിരുന്നോ? പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിവച്ച് മരണത്തിലേക്ക് പോയ രണ്ടു പെണ്‍കുട്ടികള്‍ അധികാരികളുടെ അനാസ്ഥയുടെ ബാക്കിപത്രമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായാണ് സംസ്ഥാനത്ത് സാമൂഹ്യ നീതിവകുപ്പ് രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ വകുപ്പിന്റെ പ്രവര്‍ത്തനം എത്രത്തോളമാണെന്നതിന്റെ സാക്ഷിപത്രമാണ് അഞ്ചാലുമ്മൂട് ഇഞ്ചവിളയിലെ സര്‍ക്കാര്‍ പുനരധിവാസകേന്ദ്രത്തില്‍ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജില്ലാ ആസ്ഥാനത്തിന് വളരെ വിദൂരമല്ല പുനരധിവാസകേന്ദ്രം എന്നതിനാല്‍ ജില്ലാ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാനാകില്ല. എന്നാല്‍ കേന്ദ്രത്തിന്റെ ശോചനീയമായ സ്ഥിതികണ്ടാല്‍ ആരും അതിശയിക്കും. പ്രായപൂര്‍ത്തിയായവരും അല്ലാത്തവരുമായി എണ്‍പതോളം പെണ്‍കുട്ടികളാണ് ഈ കേന്ദ്രത്തില്‍ കഴിയുന്നത്. ആത്മഹത്യാകുറിപ്പില്‍ സ്ഥാപനത്തില്‍ നിന്നുള്ള മാനസിക പീഡനം ഉണ്ടായതായി പറയുന്നുണ്ട്. ബന്ധുക്കളില്‍ നിന്നുണ്ടായ പീഡനത്തെ തുടര്‍ന്നാണ് സ്വന്തം വീട്ടിലെ താമസം ഇവര്‍ക്ക് ബുദ്ധമുട്ടായത്. തുടര്‍ന്നാണ് ഇവരെ പുനരധിവാസകേന്ദ്രത്തില്‍ എത്തിക്കുന്നത്. എന്‍ജിനീയറിങിന് ഉള്‍പ്പെടെ പഠിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്രയും കുട്ടികള്‍ താമസിച്ചു പഠിക്കുന്ന കേന്ദ്രത്തിന് ചുറ്റുമതിലോ വേണ്ടത്ര സുരക്ഷയോ ഇല്ലാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സാമൂഹ്യനീതിവകുപ്പിനോ ജില്ലാ ഭരണകൂടത്തിനോ ഒഴിഞ്ഞുമാറാനൊക്കുമോ...
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയുക, അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പുതിയ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക എന്നതാണെല്ലോ സാമൂഹ്യനീതിവകുപ്പിന്റെ ഉദാത്തമായ ലക്ഷ്യം. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ സംരക്ഷിച്ച് അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും മറ്റും നല്‍കി പുതിയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതല്ലേ പ്രധാന ദൗത്യം. കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുമെന്ന ഉദ്ദേശത്തിലാണല്ലോ 2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ഭയ എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഏതു സമയത്തും പേടി കൂടാതെ സ്വതന്ത്രമായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും പദ്ധതിയിലുണ്ടായിരുന്നു.
സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ആയുധമാക്കിയാണ് പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സ്ത്രീ സുരക്ഷയെക്കുറിച്ച് പലവട്ടം ഭരണകര്‍ത്താക്കള്‍ പറഞ്ഞിട്ടും പോയ മാസങ്ങളില്‍ കേരളത്തില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. സാഹചര്യങ്ങളാല്‍ അഗതിമന്ദിരങ്ങളിലെത്തുവരെ ജീവിതത്തിലേക്കു കൈപിടിച്ചു ഉയര്‍ത്തുന്നതിന് പകരം അവരെ മാനസികമായി പീഡിപ്പിക്കുകയും മരണത്തിലേക്കു തള്ളിവിടുകയും ചെയ്യുന്നതല്ലല്ലോ സാമൂഹ്യനീതി വകുപ്പിന്റെ ചുമതല. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഒരു ഉദ്യോഗസ്ഥനും സാധിക്കില്ല.
തെറ്റുകാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇവിടെ രണ്ടുപെണ്‍കുട്ടികളുടെ മരണത്തിന് പിന്നിലെ നിജസ്ഥിതി അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. മരണത്തിന് കാരണക്കാര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അടുത്തൊരു സംഭവം വരുമ്പോള്‍ ഈ കേസ് വിസ്മൃതിയിലാകരുത്. പൊലിസ് ആത്മാര്‍ത്ഥമായി അന്വേഷണം നടത്തുന്നുണ്ടെന്നതാണ് ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."