തൊടുപുഴ വില്ലേജ് ഓഫിസ് കോംപൗണ്ട് രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളം
തൊടുപുഴ: തൊടുപുഴ വില്ലേജ് ഓഫീസ് ഉള്‍പ്പടെ അഞ്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോംപൗണ്ട് രാത്രി കാലങ്ങളിലും അവധി ദിവസങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ ഇടുക്കി പ്രസ്‌ക്ലബ്ബിന് സമീപത്തായി തൊടുപുഴ വില്ലേജ് ഓഫീസ്, തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പിന്റെ ഐ ടി പരിശീലന കേന്ദ്രം, ഇടുക്കി ജില്ലാ രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടാണ് സാമൂഹ്യ വിരുദ്ധര്‍ മദ്യപാനത്തിനും കഞ്ചാവു വില്‍പ്പനക്കും മറ്റുമായി ഉപയോഗിക്കുന്നത്.
വില്ലേജ് ഓഫീസിന് മുമ്പില്‍ ഗേറ്റ് ഉണ്ടെങ്കിലും ഓഫീസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ഗേറ്റ് പൂട്ടാറില്ല. ഗേറ്റ് അടക്കാനുള്ള ചുമതല വില്ലേജ് ഓഫീസ് അധികൃതര്‍ക്കാണ്. രാത്രി കാലങ്ങളില്‍ വെളിച്ചം ഇല്ലാത്തത് മുതലെടുത്താണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടം താവളമാക്കി മാറ്റിയിരിക്കുന്നത്. കൊമ്പൗണ്ടിലിരുന്ന് പരസ്യ മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിന് ശേഷം വാക്കു തര്‍ക്കങ്ങളും അടിപിടി ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. ഗേറ്റ് തുറന്ന് കിടക്കുന്നതു കൊണ്ട് അനധികൃതമായി വാഹനങ്ങളും രാത്രി കാലങ്ങളില്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. വാഹനങ്ങളില്‍ ഇരുന്നുള്ള പരസ്യ മദ്യപാനവും നിത്യ കാഴ്ചയാണ്. സര്‍ക്കാര്‍ ഓഫീസിന്റെ കോമ്പൗണ്ടായതു കൊണ്ട് പൊലിസിന്റെ ശ്രദ്ധ പെട്ടെന്ന് ഉണ്ടാവില്ലെന്നതാണ് ഇവിടം മദ്യപിക്കാനായി ആളുകള്‍ തെരഞ്ഞെടുക്കാന്‍ കാരണം.
ഓഫീസ് ആവശ്യത്തിന് വരുന്നവരുടെ വാഹനങ്ങള്‍ മാത്രമേ കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളുവെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകല്‍ സമയത്തും നിരവധി അന്യ വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. ഇതു മൂലം ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് അവരുടെ വാഹനങ്ങള്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇത് പലപ്പോഴും ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.
താലൂക്ക് റിക്കോര്‍ഡ് ഓഫീസ് ഉള്‍പ്പടെ പ്രധാന ഓഫീസുകള്‍പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തഹസില്‍ദാര്‍ ഇതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."