കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാന്‍ നഗരസഭയുടെ ഹരിതകര്‍മ സേന
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ ശുചിത്വനഗരമായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ ഹരിതകര്‍മ സേന അടുത്ത മാസം ഒന്നുമുതല്‍ നേതൃത്വം നല്‍കും. നഗരസഭയുടെ മാലിന്യശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിത കര്‍മസേനയെ നിയന്ത്രിക്കുന്നതിനു മഹ്യുബ് വേസ്റ്റ് മാനേജ്‌മെന്റിനെയാണ് നഗരസഭ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുമായി ഒപ്പുവച്ച ഉടമ്പടി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭാപരിധിയിലെ മുഴുവന്‍ വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങളും സ്ഥാപനങ്ങളില്‍ നിന്നും ജൈവ-അജൈവ മാലിന്യങ്ങളും ശേഖരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം മഹ്യുബി വേസ്റ്റ് മാനേജ്‌മെന്റിനായിരിക്കും. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം മേല്‍നോട്ട കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നഗരസഭക്ക് സ്വീകരിക്കാം. നടത്തിപ്പുകാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, ആരോഗ്യ-ക്ഷേമം സ്ഥിരം സമിതി അധ്യക്ഷര്‍, നഗരസഭാ സെക്രട്ടറി, മുനിസിപ്പല്‍ എന്‍ജിനീയര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട മേല്‍നോട്ട കമ്മിറ്റിക്കായിരുക്കും ചുമതല.
പ്രവൃത്തിയില്‍ കമ്മിറ്റിക്ക് തൃപ്തിയില്ലെങ്കില്‍ മൂന്നു മാസത്തെ നോട്ടിസ് നല്‍കി ഒഴിവാക്കാനാകും. അജൈവമാലിന്യം സ്വന്തം ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യണം. മാസത്തില്‍ ഒരുതവണ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മൂന്നുമാസത്തില്‍ ഒരുതവണ ചില്ലുകള്‍, ആറു മാസത്തില്‍ ഒരു തവണ ഇലക്ട്രോണിക് മാലിന്യം, വര്‍ഷത്തില്‍ ഒരുതവണ ചപ്പല്‍, ലതര്‍ബാഗ് എന്നിവ ശേഖരിക്കും. ഇതിനു വീടുകളില്‍നിന്ന് മാസം തോറും അന്‍പതുരൂപ യൂസര്‍ഫീ ഈടാക്കും. ജൈവ മാലിന്യ സംസ്‌കരണത്തിനു സഹായം ആവശ്യപ്പെടുന്ന വീടുകളില്‍ മാസത്തില്‍ നാലുതവണ ചെന്ന് ജൈവ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ബയോകുലം നല്‍കി മേല്‍നോട്ടം വഹിക്കുന്നതാണ്.
ആവശ്യപ്പെടുന്ന പക്ഷം വളമായി മാറിയ ജൈവമാലിന്യം തിരിച്ചെടുക്കുകയും ചെയ്യുന്നതിനു മാസം 250 രൂപ യൂസര്‍ഫീ ഈടാക്കാം. ആഴ്ചകളില്‍ ഉള്ള സന്ദര്‍ശനത്തിന്റെ കൂടെ ജൈവ കൃഷി ചെയ്യാന്‍ ആവശ്യപ്പെടുന്നവര്‍ക്കുവേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നതിനു മാസം 300 രൂപ യൂസര്‍ ഫീ ഈടാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴിച്ച് സ്‌കൂളുകള്‍, ആശുപത്രി, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു ദിവസേന മാലിന്യത്തിന്റെ അളവ് അനുസരിച്ച 50 മുതല്‍ 1000 രൂപവരെയാണ് യൂസര്‍ഫീ ഈടാക്കുക. ഓഡിറ്റോറിയങ്ങളിലെ കല്യാണ സല്‍ക്കാരങ്ങള്‍ തുടങ്ങിയവയ്ക്ക് 1000 രൂപ മുതല്‍ 10000 രൂപ വരെയായിരിക്കും യൂസര്‍ചാര്‍ജ്. ഹരിതസേന പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യമാസം മുഴുവന്‍ മാലിന്യങ്ങളും ശേഖരിക്കുന്നതിന് 100 രൂപ വീടുകളില്‍ നിന്ന് ഈടാക്കാം.
നഗരപരിധിയിലെ മുഴുവന്‍ പരിപാടികള്‍ക്കും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും. കാരി ബാഗ്, ഡിസ്‌പോപോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗം, ഹരിത മര്യാദ നടപ്പാക്കാതിരിക്കല്‍ തുടങ്ങിയ പരാതികളില്‍ നഗരസഭ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ക്ക് ആദ്യത്തെ ആറു മാസം 8000 രൂപയും പിന്നീട് 9000 രൂപയും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 10000 രൂപയും വേതനം എജന്‍സിയാണ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."