പനിത്തിരക്കില്‍ വീര്‍പ്പുമുട്ടി വൈക്കം താലൂക്ക് ആശുപത്രി
വൈക്കം: ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രി പനിബാധിതരുടെ തിരക്കില്‍ വീര്‍പ്പുമുട്ടുന്നു. രോഗികളെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. രാവിലെ എട്ട് മുതല്‍ തന്നെ രോഗികളുടെ നീണ്ടനിരയാണ് ആശുപത്രിയില്‍ അനുഭവപ്പെടുന്നത്.
ഇതിനിടയില്‍ പലര്‍ക്കും ചികിത്സ കിട്ടാതെ മടങ്ങിപ്പോകേണ്ട അവസ്ഥയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെത്തിയ ഡോക്ടര്‍മാര്‍ പലരും മടങ്ങിപ്പോയി. ഇതുപോലെ തന്നെ രോഗികള്‍ കിടക്കുന്ന വാര്‍ഡുകളുടെ അവസ്ഥയും ദയനീയമാണ്. കനത്ത മഴയില്‍ പല വാര്‍ഡുകളും ചോര്‍ന്നൊലിക്കുകയാണ്.
ഡോക്ടര്‍മാരുടെ കുറവിനൊപ്പം അനുബന്ധ ജീവനക്കാരുടെ അഭാവവും ആശുപത്രിയെ പ്രതിസന്ധിയിലാക്കുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടവര്‍ തികഞ്ഞ നിഷ്‌ക്രിയത്വമാണ്
ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. ജില്ലയില്‍ ഏറ്റവും അധികം രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിയാണിത്. പലതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാലങ്ങളായി ഇവിടെ നടക്കുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ഇതൊന്നും ഗുണപ്പെടുന്നില്ല. കഴിഞ്ഞ ദിവസം എം.പി ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപ അനുവദിച്ചെന്നു പ്രഖ്യാപനമുണ്ടായി. ഇതിനുമുന്‍പ് ലക്ഷങ്ങള്‍ മുടക്കിയ പല പദ്ധതികളും കാഴ്ചവസ്തുക്കളായി കിടക്കുകയാണ്. ഇതിനിടയിലേക്കാണ് പുതിയ പ്രഖ്യാപനം എത്തുന്നത്. രോഗികള്‍ക്ക് ഗുണപ്പെടാത്ത വികസന പ്രവര്‍ത്തനങ്ങള്‍ എന്തിനാണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
ഇതിനു മറുപടി പറയേണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ ഇരുട്ടില്‍ തപ്പുന്ന സ്ഥിതിവിശേഷമാണ്. മണ്ഡലത്തിലെ വെള്ളൂര്‍ മുതല്‍ വെച്ചൂര്‍ വരെയുള്ള പഞ്ചായത്തുനിവാസികള്‍ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വരുമ്പോള്‍ ആദ്യമെത്തുന്നത് ഈ ആശുപത്രിയിലേക്കാണ്. പൂര്‍ത്തിയായിക്കിടക്കുന്ന കെട്ടിടങ്ങള്‍ രോഗികള്‍ക്ക് ഗുണപ്പെടുന്ന രീതിയില്‍ ഉപയോഗപ്രദമാക്കാന്‍ ബന്ധപ്പെട്ടവര്‍ വിചാരിച്ചാല്‍ സാധിക്കും.
ഒാരോ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമ്പോള്‍ നടക്കുന്ന ഉദ്ഘാടന മാമാങ്കങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയാണ് ഇവിടെനിന്ന് മടങ്ങുന്നത്. എന്നാല്‍ ഇതെല്ലാം കടലാസ്സില്‍ മാത്രം ഒതുങ്ങുന്നു.
കാലവര്‍ഷം ശക്തമാകുമ്പോള്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പനി ഉള്‍പ്പെടെയുള്ള പലവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സ്ഥിതിവിശേഷമാണ്. ഇതിനുമുമ്പെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനം നേരെയാക്കണമെന്നാണ് നാടിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."