പുല്‍പ്പള്ളി സര്‍വിസ് സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട്: ഹിയറിങ് 27ന്
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വിസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ(ജനറല്‍) കാര്യാലയത്തില്‍ 27നു ഹിയറിങ് നടത്തും.
ഹിയറിങിനു ഹാജരാകുന്നതിനു ബാങ്ക് ഭരണസമിതിയംഗങ്ങള്‍ക്കും സെക്രട്ടറി, വായ്പ വിതരണത്തിന്റെ ചുമതലയുള്ള ജീവനക്കാരന്‍ എന്നിവര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) നോട്ടീസ് അയച്ചു.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് 2016-17ലെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.ബാങ്കില്‍ വായ്പ അനുവദിക്കുന്നതിന് മറവില്‍ തട്ടിപ്പ് ആരോപിച്ച് സഹകാരികളായ കെ.എ ആന്റണി, വി.എസ് ചാക്കോ, സജി തൈപ്പറമ്പില്‍, വി.എസ് രാമചന്ദ്രന്‍ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് അധികാരികള്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതിയും അയച്ചു.
ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ക്രമക്കേടുകളില്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം അന്വേഷണത്തിന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) 2017 നവംബര്‍ 17നു ഉത്തരവിട്ടു.
ബത്തേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ടി.എസ്. ജോണ്‍സണ്‍, ഇന്‍സ്‌പെക്ടര്‍ ഷിജി വര്‍ഗീസ്, യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍. പ്രതീഷ്‌കുമാര്‍, സ്‌പെഷല്‍ സെയില്‍ ഓഫിസര്‍ എ.കെ. ബിന്ദു എന്നിവരെയാണ് അന്വേഷണത്തിനു നിയോഗിച്ചത്.
വായ്പ വിതരണത്തിലെ ക്രമക്കേടുകള്‍ അക്കമിട്ട് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചത്.
തുച്ഛവിലയുള്ള ഭൂമിയുടെ ഈടില്‍ അനുവദിച്ച ബിനാമി വായ്പകള്‍, ഭരണസമിതി അംഗങ്ങളുടയും ബന്ധുക്കളുടെയും പേരില്‍ വഴിവിട്ട് അനുവദിച്ച വായ്പകള്‍, നിയമാവലി വ്യവസ്ഥകള്‍ക്കു വിരുദ്ധമായി നല്‍കിയ വായ്പകള്‍, നിയമവിരുദ്ധമായി പ്രോപ്പര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഫീസ് കൈപ്പറ്റല്‍, പണയവസ്തുവിന്റെ അസല്‍ പ്രമാണം ഇല്ലാതെ അനുവദിച്ച വായ്പകള്‍, ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തുക്കള്‍ ഈടായി സ്വീകരിച്ചു നല്‍കിയ വായ്പകള്‍, പണയവസ്തുക്കളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റായ വിവരം ചേര്‍ക്കല്‍, ക്രമക്കേടുകള്‍ മൂലം ബാങ്കിനുണ്ടായ നഷ്ടം, ക്രമക്കേടുകളിലൂടെ ഭരണസമിതിയംഗങ്ങളും ഭാരവാഹികളും ഉണ്ടാക്കിയ സാമ്പത്തികനേട്ടം എന്നിവ വിശദമാക്കുന്നതായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."