26 കിലോ ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: ഓട്ടോയില്‍ കടത്തിയ 26 കിലോ ചന്ദനവുമായി മൂന്നുപേര്‍ വനം വകുപ്പ് ഫ്ളൈയിങ് സ്ക്വാഡിന്റെ പിടിയിലായി. പുത്തന്‍കുന്ന് കൊട്ടംകുനി കോളനിയിലെ ബേബി(41), പുത്തന്‍കുന്ന് ചിറ്റൂര്‍ സിനു (34), നെന്മേനികുന്ന് തേനമാക്കില്‍ സന്തോഷ്(46) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച രാത്രി സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ മന്ദംകൊല്ലിയില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും 26.5 കിലോ ചന്ദനം പിടികൂടി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും ഇവര്‍ക്ക് എസ്കോര്‍ട്ടായെത്തിയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവിധ വലിപ്പത്തില്‍ 14 കഷ്ണങ്ങളാക്കിയാണ് ചന്ദനം ഓട്ടോയില്‍ സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റെയ്ഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞു. എന്നാല്‍ തെളിവെടുപ്പു നടത്തിയതിനു ശേഷമേ ഇതില്‍ വ്യക്തത വരൂവെന്ന് ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ എം. പദ്മനാഭന് പറഞ്ഞു.
ഇദ്ദേഹത്തോടൊപ്പം ഫ്ളൈയിംഗ് സ്ക്വാഡ് എസ്.എഫ്.ഒ എ.എസ് രാജന്, ബി.എഫ്.ഒമാരായ ബി.പി രാജു, എ.പി സജി പ്രസാദ്, കെ.കെ ചന്ദ്രന്, ഡ്രൈവര്‍ ആര്. സജികുമാര്‍, ബത്തേരി റെയ്ഞ്ചിലെ എസ്.എഫ്.ഒ എസ്.കെ സനില്‍, ബി.എഫ്.ഒ കെ.പി സന്തോഷ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."