ആസ്പിരേഷനല്‍ ഡിസ്ട്രിക്ട്; ജില്ലാ പ്ലാന്‍ തയാറാക്കും
കല്‍പ്പറ്റ: ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ അടുത്തഘട്ടമായി വയനാട് ജില്ലയ്ക്കായി ഡിസ്ട്രിക്ട് പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം.
പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ വി.പി ജോയിയുടെ അധ്യക്ഷതയില്‍ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം. നിലവില്‍ ജില്ലയിലെ പിന്നോക്ക മേഖലകള്‍ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കണം.
തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ച് അനുയോജ്യമായ സര്‍ക്കാര്‍ പദ്ധതികളിലൂടെ അത്തരം മേഖലകളുടെ വികസനത്തിനായി കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം. സ്‌കീം അനുസരിച്ച് പ്രോപ്പോസല്‍ നല്‍കിയാല്‍ പണം ലഭ്യമാക്കുമെന്നും അതിനായി വേണ്ട നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രത്യേക പരിഗണ ലഭിക്കുമെന്ന അവസരം പ്രയോജനപ്പെടുത്തണമെന്നും വി.പി ജോയ് പറഞ്ഞു.
അടുത്തഘട്ടത്തില്‍ ഓള്‍ ഇന്ത്യ ഏജന്‍സി ജില്ല സന്ദര്‍ശിച്ച് ദേശീയ തലത്തില്‍ വയനാട് ജില്ലയുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തും. നിലവില്‍ രാജ്യത്തെ 115 ആസ്പിരേഷന്‍ ഡിസ്ട്രിക്ടുകളില്‍ ജില്ലയുടെ സ്ഥാനം അഞ്ചാമതാണ്.
ആഗസ്റ്റിലെ റാങ്കിങ് അനുസരിച്ച് ആരോഗ്യമേഖലയില്‍ ജില്ല 40-ാം സ്ഥാനത്താണ്. മേഖലയില്‍ ജില്ല നേരിടുന്ന പ്രധാനപ്രശ്‌നം ആദിവാസി മേഖലകളിലെ കുട്ടികളിലെ പോഷകാഹാരകുറവാണ്. വിദ്യാലയങ്ങളില്‍ നിന്നും പ്രളയാനന്തരം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റുജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ കുറവാണ്. ആദിവാസി മേഖലയിലെ സ്്ത്രീ സാക്ഷരതയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പദ്ധതികള്‍ ആവീഷ്‌കരിക്കും.
കാര്‍ഷിക - ജലസേചന മേഖലയില്‍ 68-ാം സ്ഥാനവും ജനങ്ങളുടെ സാമ്പത്തിക വികസന സൂചികയുമായി (ഫിനാന്‍ഷ്യല്‍ ഇന്‍ക്ല്യൂഷന്‍) ബന്ധപ്പെട്ട് 102-ാം സ്ഥാനവുമാണ് ജില്ലയ്ക്ക്. നൈപുണ്യ വികസനത്തില്‍ ആദ്യസ്ഥാനത്താണെങ്കിലും ജില്ലയിലെ ആദിവാസി മേഖലയിലെ യുവതി - യുവാക്കള്‍ക്കായി തൊഴില്‍ പരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. കൂടുതല്‍ ഐ.ടി.ഐകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഡിസ്ട്രിക്ട് പ്ലാനില്‍ ഉള്‍പ്പെടുത്തും. മാനദണ്ഡങ്ങള്‍ പാലിച്ച് നൈപുണ്യ വികസനത്തിനായി സ്‌കീം തയാറാക്കും.
പ്രളയനാന്തരം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രതിസന്ധി. നിലവില്‍ ജില്ല ഈ മേഖലയില്‍ ആറാംസ്ഥാനത്താണ്. മാനദണ്ഡങ്ങള്‍ പാലിച്ച് പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തും.
ടൂറിസവുമായി ബന്ധപ്പെട്ട് നൈപുണ്യവികസനത്തിനായി പദ്ധതികള്‍ ആലോചിക്കാനും നിര്‍ദ്ദേശമുണ്ട്. യോഗത്തില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."