ക്ഷമയുടെ നിസ്വാര്‍ഥ മാതൃകകള്‍ തീര്‍ക്കുക
വിശ്വാസിക്ക് ക്ഷമയുടെ മാധുര്യം നുകര്‍ന്നു നല്‍കുന്ന മാസമാണ് റമദാന്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രപഞ്ച നാഥന്റെ പ്രഖ്യാപനത്തെ നെഞ്ചേറ്റി അനുവദനീയമായിരുന്ന പല ആഗ്രഹങ്ങളില്‍ നിന്ന് പോലും അകലം പാലിച്ച് ക്ഷമ കൈക്കൊള്ളുന്ന വിശ്വാസിക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലത്തെ അളന്ന് തിട്ടപ്പെടുത്താന്‍ ഭൗതികമായ അളവ് കോലുകള്‍ക്ക് സാധ്യമല്ല. കാരണം വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം തന്നെ ക്ഷമിക്കുന്നവര്‍ക്ക് അളവറ്റ പ്രതിഫലം തീര്‍ച്ചയായും നല്‍കപ്പെടും ( സൂറത്തു സുമര്‍:10) എന്നാണല്ലോ.
ക്ഷമ ഈമാന്റെ പകുതിയാണെന്നും, ക്ഷമയുടെ പകുതി നോമ്പാണെന്നും പരിശുദ്ധ പ്രവാചകന്റെ വചനാമൃതമാണ്.
നബി (സ) യുടെ ശിരസറുക്കാന്‍ വാളൂരി പുറപ്പെട്ട ഉമര്‍ (റ) പറയുന്നു: 'ഇസ്്‌ലാമിന് ശേഷം ക്ഷമയേക്കാള്‍ വലിയ ഒരനുഗ്രഹവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല '. തന്നോട് ശത്രുത വെച്ച് തന്നെ അക്രമിച്ചവര്‍ക്ക് ഫത്ഹ് മക്കയുടെ ധന്യ മുഹൂര്‍ത്തത്തില്‍, തിരിച്ച് പക പോക്കാമായിരുന്നിട്ടും, നിങ്ങള്‍ സ്വതന്ത്രരാണ് നിങ്ങള്‍ പൊയ്‌ക്കോളൂ എന്ന് പറഞ്ഞ്, വിട്ട് വീഴ്ചയുടെ മഹത്തായ ഉദാഹരണം വിശ്വാസികള്‍ക്ക് സമ്മാനിച്ച പുണ്യ നബിയില്‍ നിന്നാണല്ലോ അവര്‍ ക്ഷമയുടെ പാഠങ്ങള്‍ പഠിച്ചത്. അങ്ങനെ എണ്ണമറ്റ എത്രയെത്ര ക്ഷമയുടെ ഉദാഹരണങ്ങള്‍!
അല്ലാഹു തീര്‍ച്ചയായും ക്ഷമാ ശീലരുടെ കൂടെയാണെന്നതിന്റെ (അല്‍ ബഖറ 153) ഉത്തമ ഉപമകള്‍ ആയിരുന്നു, സത്യ മതത്തിന്റെ പ്രബോധകരായി കടന്നു വന്ന പ്രവാചകന്‍മാര്‍. വിശുദ്ധ ഖുര്‍ആന്‍ അവരെ സംബന്ധിച്ച് പറഞ്ഞ വചനങ്ങളിലധികവും അവരുടെ ക്ഷമയിലേക്കുള്ള ചൂണ്ടു പലകകള്‍ ആയിരുന്നു. നംറൂദിന്റെ തീക്കുണ്ഡാരം ഇബ്‌റാഹീം നബിക്ക് ശീതീകൃതമായതും, ഭീകരനായ ഫിര്‍ഔനിന്റെ കെണിയില്‍ നിന്ന് മൂസാ നബി (അ) അത്ഭുതകരമായി രക്ഷപ്പെട്ടതും, ചതിച്ച് കൊല്ലാനും കുരിശില്‍ തറക്കാനും ശ്രമിച്ചവരില്‍ നിന്ന് ഈസാ നബി (അ) വാന ലോകത്തേക്ക് ഉയര്‍ത്തപ്പെട്ടതുമൊക്കെ അതില്‍ ചിലത് മാത്രം. അവര്‍ പകര്‍ന്ന ക്ഷമയുടെ സന്ദേശം ഉള്‍ക്കൊള്ളലാണ് വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി.
പരമകാരുണികന്റെ അടിമകളുടെ സ്വഭാവങ്ങള്‍ എണ്ണി പറയുന്നിടത്ത് അല്ലാഹു പറഞ്ഞ ഒരു സ്വഭാവമാകുന്നു ക്ഷമ, അവര്‍ തങ്ങള്‍ക്ക് നേരടേണ്ടി വന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിന്റെ പേരില്‍ അവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. ആയതിനാല്‍ യഥാര്‍ത്ഥ സത്യവിശ്വാസി അത് തന്റെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കേണ്ടതുണ്ട്.
അല്ലാഹു പറയുന്നു: ക്ഷമ അവലംബിച്ചതിന്റെ പേരില്‍ അവര്‍ക്ക് ഉന്നതമായ സ്വര്‍ഗീയ സൗധം പ്രതിഫലം നല്‍കപ്പെടും . അവരതില്‍ ശാശ്വതരായിരിക്കും (സൂറത്തുല്‍ ഫുര്‍ഖാന്‍: 75).
നോമ്പിലൂടെ ക്ഷമയവലംബിച്ച് റയ്യാന്‍ എന്ന കവാടത്തിലൂടെ സ്വര്‍ഗത്തിലെത്താന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
(വൈസ് പ്രിന്‍സിപ്പല്‍, ശംസുല്‍ ഉലമ വാഫികോളജ് പതിയാങ്കര)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."