കിഫ്ബിയില്‍ പോരടിച്ച് സര്‍ക്കാരും പ്രതിപക്ഷവും: വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്തതെന്തെന്ന് ചെന്നിത്തല; സ്‌തോഭജനകമായ വാര്‍ത്തകള്‍ തമാശ മാത്രമാണെന്ന് ധനമന്ത്രി
കൊച്ചി: കിഫ്ബിയുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ ചെലവ് ഓഡിറ്റ് ചെയ്യാതിരിക്കുന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രധാനപരിപാടി. സംസ്ഥാനത്ത് പുതിയ പദ്ധതികളോ വികസനമോ നടക്കുന്നില്ല.
അതേ സമയം ഇതുസംബന്ധിച്ച് വിശദീകരണവുമായി ധനമന്ത്രി ഡോ. ഹോമസ് ഐസക് രംഗത്തെത്തി. കിഫ്ബി സംബന്ധിച്ച് വീണ്ടും സ്‌തോഭജനകമായ ബ്രേക്കിംഗ് വാര്‍ത്തകള്‍ വരികയാണ്. ഇത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സി.ആന്‍ഡ് എ.ജി ഓഡിറ്റ് നടന്നുകൊണ്ടിരിക്കെയാണ് ഇത്തരമൊരു വാര്‍ത്ത വന്നത് തമാശയാണെന്നും അദ്ദേഹം പറയുന്നു.
വിമര്‍ശിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയുടെ സമീപനമാണ് സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
തോമസ് ഐസകിന്റെ എഫ്.ബി. പോസ്റ്റ്
കിഫ്ബി സംബന്ധിച്ച് വീണ്ടും സ്‌തോഭജനകമായ ബ്രേക്കിംഗ് വാര്‍ത്തകള്‍ വരികയാണ്. കിഫ്ബി കണക്കുകള്‍ സി.ആന്‍ഡ് എ.ജി ഓഡിറ്റിന് വിധേയമാണോയെന്ന പ്രശ്‌നമാണ് പുതിയ വാര്‍ത്തകള്‍ക്ക് ആധാരം. വിവരാവകാശ രേഖകള്‍ പ്രകാരം കിഫ്ബിക്ക് സര്‍ക്കാര്‍ നല്‍കുന്ന നികുതി വിഹിതം സംബന്ധിച്ച ഓഡിറ്റിനു മാത്രമേ സി.ആന്‍ഡ് എ.ജിക്ക് അധികാരമുണ്ടാകൂവെന്നും, ഇത് നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞതിനു വിഭന്നമാണെന്നുമാണ് വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നത്. വിദേശവായ്പയടക്കം കിഫ്ബിയുടെ വരുമാനത്തിന് എല്ലാം സര്‍ക്കാര്‍ ഉത്തരവാദിയാണെന്ന ഓര്‍മപ്പെടുത്തലും വാര്‍ത്തയില്‍ ചേര്‍ത്തിട്ടുണ്ട്. അത് ഉപയോഗിച്ച് ചെയ്യുന്ന ചെലവുകളൊന്നും ഓഡിറ്റിന് വിധേയമല്ലെന്ന ധ്വനിയാണ് വാര്‍ത്ത ജനിപ്പിക്കുന്നത്.
തമാശ സി.ആന്‍ഡ് എ.ജി ഓഡിറ്റ് നടന്നുകൊണ്ടിരിക്കെയാണ് ഇത്തരമൊരു വാര്‍ത്ത എന്നതാണ്. സി.ആന്‍ഡ് എ.ജി യുടെ അധികാരവും ഉത്തരവാദിത്വവും മറ്റും നിര്‍ണയിക്കുന്ന ഡി.പി.സി. നിയമം 1971 ലെ 14(1) വകുപ്പ് പ്രകാരം സര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍ നിന്നും ഗ്രാന്റോ വായ്പയോ ലഭിക്കുന്ന ഏതൊരു അതോറിറ്റിയും സ്ഥാപനവും സി.ആന്‍ഡ് എ.ജി യ്ക്ക് ഓഡിറ്റ് ചെയ്യാം. ആരുടെയും അനുവാദം വേണ്ട. എല്ലാ വരവ്-ചെലവ് കണക്കുകളും പരിശോധിക്കാനുള്ള അധികാരമാണ് ഈ വ്യവസ്ഥ സി.ആന്‍ഡ് എ.ജി ക്ക് നല്‍കുന്നത്. ഇതിന് ആരുടേയും അനുവാദം ആവശ്യമില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിലും ഇത് വിശദമാക്കി. കിഫ്ബി നിയമം അനുശാസിക്കുന്ന ഓഡിറ്റുകള്‍ സംബന്ധിച്ച് വിശദീകരിച്ചതിനുശേഷം വ്യക്തമായി പറഞ്ഞു. സഞ്ചിതനിധിയില്‍ നിന്നും പണം കിട്ടുന്ന സ്ഥാപനമായതിനാല്‍ അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സി.ആന്‍ഡ് എ.ജി യ്ക്ക് അധികാരമുണ്ട്. അത് ആ ഓഫീസിന് തീരുമാനിക്കാവുന്നതാണ് എന്നാണ് ചൂണ്ടിക്കാണിച്ചത്. ഈ അധികാരം ഉപയോഗിച്ചുള്ള ഓഡിറ്റാണ് നിലവില്‍ നടക്കുന്നത്.
കിഫ്ബി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സ്റ്റാറ്റിയൂട്ടറി ഓഡിറ്റുണ്ട്. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമായി ഇവിടെ ഓരോ പാദത്തിലും പരിശോധനയും റിപ്പോര്‍ട്ടുമാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ ഓഡിറ്റ് ഫോമിനെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഈ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് സി.ആന്‍ഡ് എ.ജി ഓഡിറ്റിന് പകരമല്ല. സി.ആന്‍ഡ് എ.ജി ഓഡിറ്റിനെ ഒരുതരത്തിലും പരിമിതപ്പെടുത്തുന്നുമില്ല. സഞ്ചിതനിധിയില്‍ നിന്നും സഹായം വാങ്ങുന്ന സ്ഥാപനത്തിന്റെ എല്ലാ വരവു-ചെലവു കണക്കുകളും സി.ആന്‍ഡ് എ.ജി യ്ക്ക് പരിശോധിക്കാമെന്നതാണ് സംശയരഹിതമായ വ്യവസ്ഥ.
വാര്‍ത്തയില്‍ ധ്വനിപ്പിക്കുന്നവിധമല്ല കാര്യങ്ങള്‍ എന്നു വ്യക്തമല്ലേ? സി.ആന്‍ഡ് എ.ജിക്ക് കിഫ്ബി വരവു-ചെലവുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് അധികാരമുണ്ട്. അവര്‍ പ്രസ്തുത അധികാരം ഉപയോഗിച്ച് ഓഡിറ്റ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി ഏജിയുടെ രണ്ട് ടീം കിഫ്ബിയില്‍ പരിശോധന നടത്തുകയും സംശയങ്ങള്‍ ഓഡിറ്റ് ക്വറികളായി അധികാരികള്‍ക്ക് നല്‍കുകയും ചെയ്തു. അവയ്ക്ക് കിഫ്ബി അധികാരികള്‍ മറുപടിയും നല്‍കിയിട്ടുണ്ട്. ഈ ക്വറികളിലൊന്നും പൂര്‍ണ്ണവിവരം തന്നില്ലെന്ന ആക്ഷേപം ഓഡിറ്റ് ടീം ഉന്നയിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ കിഫ്ബി സി.ആന്‍ഡ് എ.ജി ഓഡിറ്റിന് പുറത്താണെന്നും പൂര്‍ണ്ണമായ ഓഡിറ്റിന് അധികാരം കൊടുക്കുന്നില്ലെന്നോ ധ്വനിപ്പിക്കുന്ന വാര്‍ത്തകള്‍ ദുരുപദിഷ്ടിതമാണെന്ന് പറയാതെ വയ്യ.
മറ്റുപല സ്ഥാപനങ്ങളിലും ഇല്ലാത്ത വിപുലമായ കണക്ക് പരിശോധന സംവിധാനങ്ങള്‍ കിഫ്ബിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.ആന്‍ഡ് എ.ജിക്ക് കിഫ്ബിയുടെ വരവു-ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് പൂര്‍ണ്ണ അധികാരമുണ്ട്. ഇതുപ്രകാരമുള്ള ഓഡിറ്റ് നടക്കുകയും ചെയ്യുന്നു. രണ്ടാമത്തേത്, കിഫ്ബി നിയമം അനുശാസിക്കുന്ന സ്റ്റാറ്റിയൂട്ടറി ഓഡിറ്റാണ്. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ ക്വാര്‍ട്ടര്‍ലി ഓഡിറ്റ് നടക്കുന്ന ഏകസ്ഥാപനമാണ് കിഫ്ബി. ഈ റിപ്പോര്‍ട്ട് ഇന്റേണല്‍ ഓഡിറ്റിനും വിധേയമാക്കുന്നുണ്ട്. ഇതാണ് മൂന്നാമത്തെ സംവിധാനം. ഇതിനെല്ലാം പുറമേ കഴിഞ്ഞ കിഫ്ബി ബോര്‍ഡ് മറ്റൊരു തീരുമാനംകൂടി കൈക്കൊണ്ടിട്ടുണ്ട്. ഒരു ഇന്റര്‍നാഷണല്‍ പീര്‍ റിവ്യു ഓഡിറ്ററിനെ നിയോഗിക്കാന്‍ നിശ്ചയിച്ചു. കിഫ്ബി അന്തര്‍ദേശീയ വിപണിയില്‍ നിന്നും വായ്പ വാങ്ങുകയും തിരിച്ചടയ്ക്കുകയുമൊക്കെ ചെയ്യുന്ന സ്ഥാപനമാണ്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഈ തീരുമാനം.
കിഫ്ബിയില്‍ നിയമ പ്രകാരമുള്ള ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷന്‍ കേരളത്തില്‍ യൂണീക്കായ ഒരു ഓഡിറ്റ് സംവിധാനമാണ്. സെബി റെഗുലേഷന്‍സിന്റെയും മറ്റും പശ്ചാത്തലത്തിലാണ് എഫ്.ടി.എ.സി സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള കമ്മീഷന്റെ അധ്യക്ഷന്‍ മുന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായ ശ്രീ. വിനോദ് റായിയാണ്. കിഫ്ബി എഫ്.ടി.എ.സി ന് ഓരോ പാദത്തിലും റിപ്പോര്‍ട്ട് നല്‍കും. ആറു മാസത്തിലൊരിക്കല്‍ എഫ്.ടി.എ.സി കിഫ്ബി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റ് നിയമസഭയില്‍ വയ്ക്കുകയും സി.ആന്‍ഡ് എ.ജി ക്ക് നല്‍കുകയും ചെയ്യും. ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റും ഓഡിറ്റഡ് സ്റ്റേറ്റ്‌മെന്റും നിയമസഭയിലെ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാണ്.
കിഫ്ബി കേരളത്തിന്റെ പശ്ചാത്തലസൗകര്യ സൃഷ്ടിയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന ഒരു നൂതന സംരംഭമാണ്. ഇതിന്റെ എല്ലാവശങ്ങളും സംബന്ധിച്ച് കേരള നിയമസഭ സുദീര്‍ഘമായി എത്രയോ തവണ ചര്‍ച്ച ചെയ്തതാണ്. കിഫ്ബി പുലര്‍ത്തുന്ന സുതാര്യതയും തെളിമയും ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടതുമാണ്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സി.ആന്‍ഡ് എ.ജി ക്ക് പരിശോധനാവകാശം നിഷേധിച്ചൂവെന്നോ പരിമിതപ്പെടുത്തിയെന്നോ സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണെന്നു മാത്രം പറയട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."