ഗര്‍ഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കില്‍ തള്ളിയ സംഭവം: യുവാവ് അറസ്റ്റില്‍
കാട്ടിക്കുളം: അഞ്ച് മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
കാട്ടിക്കുളം അണമല രഞ്ജിത്തിനെയാണ്(22) തിരുനെല്ലി എസ്.ഐ ബിജു ആന്റണി അറസ്റ്റുചെയ്തത്.
തിരുനെല്ലി പൊലിസ് സ്റ്റേഷന് പരിധിയിലെ 37 കാരിയും നാലു കുട്ടികളുടെ അമ്മയുമായ സ്ത്രീയുടെ പരാതിയിലാണ് പൊലിസ് നടപടി.
വിവാഹവാഗ്ദാനം നല്കി രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഗര്‍ഭം അലസിപ്പിച്ച സംഭവത്തില്‍ ഈ സ്ത്രീക്കെതിരേയും കേസുണ്ട്. അമിത രക്തസ്രാവത്തെത്തുടര്‍ന്ന് സ്ത്രീ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതാണ് ഗര്‍ഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കില്‍ തള്ളിയ സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.
പരിശോധനയില്‍ പ്രസവത്തെത്തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടു. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയതും ശ്രദ്ധയില്‍പ്പെട്ടു. ഈ വിവരം ഡോക്ടര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. കക്കൂസ് ടാങ്കില്‍നിന്നു പുറത്തെടുത്ത ഗര്ഭാവശിഷ്ടം കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഓഫിസര്‍ അനൂപ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധിച്ചശേഷമാണ് പോസ്റ്റുമോര്‍ട്ടത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
മാനന്തവാടി തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് കക്കൂസ് ടാങ്ക് പൊളിച്ച് ഗര്‍ഭാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."