പേരാമ്പ്രയില്‍ കത്തിച്ച എം.എസ്.എഫ് പതാകക്കൊപ്പം പാകിസ്താന്‍ പതാക ഇവര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്ന് ലീഗ്, പ്രവര്‍ത്തകരെ വേട്ടയാടുന്നത് ആസൂത്രിതം
കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പതാക തലതിരിഞ്ഞു പോയതിന്റെ പേരില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് ആസൂത്രിത അജന്‍ഡയുടെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊടിയില്‍ എം.എസ്.എഫ് എന്നെഴുതാന്‍ വിട്ടുപോയതു മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് സംഭവിച്ച പിഴവ്. ഇതിനെ ഊതിപ്പെരുപ്പിച്ച് വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്.
വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത് പാകിസ്താന്‍ പതാകയല്ലെന്ന് അറിയാമായിരുന്നിട്ടും തിടുക്കത്തില്‍ സ്വീകരിച്ച നടപടികള്‍ സംശയാസ്പദമാണ്. സത്യാവസ്ഥ തിരിച്ചറിഞ്ഞ ഈ സാഹചര്യത്തിലെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണം. ഇതോടൊപ്പം സംഘ്പരിവാര്‍ സംഘടനകള്‍ എം.എസ്.എഫ് പതാക കത്തിച്ച സംഭവവും ഇതോടൊപ്പം കൂട്ടിക്കെട്ടുന്നതിന് പാകിസ്താന്‍ പതാക അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു എന്നും അന്വേഷിക്കണം.
എസ്.എഫ്.ഐയും സി.പി.എം പ്രവര്‍ത്തകരുമാണ് ഈ സംഭവം ആദ്യം വിവാദമാക്കിയത്. നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിനും ഒരു പ്രത്യേക വിഭാഗത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിനുമുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തതെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."