നടപ്പാതയില്ല; കടുങ്ങല്ലൂര്‍ പാലം കടക്കാന്‍ ജീവന്‍ പണയം വെക്കണം
അരീക്കോട്: കടുങ്ങല്ലൂര്‍ പാലത്തിന് നടപ്പാതയില്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. അരീക്കോട് കൊണ്ടോട്ടി സംസ്ഥാന പാതയില്‍ 65 മീറ്റര്‍ നീളമുള്ള പാലത്തിനാണ് നടപ്പാതയില്ലാത്തത്. അരീക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വെള്ളേരി സ്രാമ്പ്യ വളവ് തിരിഞ്ഞ് അതിവേഗതയില്‍ എത്തുന്നതും കടുങ്ങല്ലൂര്‍ അങ്ങാടിയിലുള്ള പഴകി ദ്രവിച്ച ഇടുങ്ങിയ പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അനധികൃത ഡിവൈഡറും മറികടന്ന് പാലത്തില്‍ എത്തുന്നതോടെ പാലം വാഹനങ്ങളാല്‍ നിറഞ്ഞ പ്രതീതിയാവും.
ഈ സമയം കാല്‍ നടയാത്രക്കാര്‍ നടപ്പാത ഇല്ലാത്തതിനാല്‍ പാലത്തില്‍ നിന്ന് ജീവനും കൊണ്ട് ഓടേണ്ട അവസ്ഥയാണുള്ളത്. വിദ്യാര്‍ഥികള്‍ അടക്കം നിരവധി കാല്‍നട യാത്രക്കാര്‍ ദിനേനെ ആശ്രയിക്കുന്ന ഈ പാലത്തിനു നടപ്പാത നിര്‍മിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. മഴ പെയ്താല്‍ പാലത്തിനു മുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ യാത്രക്കാര്‍ക്ക് മേല്‍ ചളി തെറിക്കുന്നതും പതിവ് കാഴ്ചയാണു.
1939ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലം സഞ്ചാരയോഗ്യമല്ലാതായതോടെയാണ് 2005 ഏപ്രില്‍ 16ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ മുനീര്‍ പാലത്തിന് ശിലാസ്ഥാപനം നടത്തിയത്.
അന്ന് നടപ്പാത കൂടി പരിഗണനയിലുണ്ടായിരുന്നെങ്കിലും 2009 ജനുവരി ഒന്‍പതിനു പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ച ഈ പാലത്തിന്റെ നിര്‍മാണത്തില്‍ നടപ്പാത ഇല്ലാതെ പോവുകയായിരുന്നു.
അന്നേ ദിവസം തന്നെ ഉദ്ഘാടനം ചെയ്ത എടശ്ശേരിക്കടവ് പാലത്തിനു നടപ്പാത ഉണ്ടെന്നിരിക്കെയാണു അപകട പാതയൊരുക്കി ഈ പാലം തുറന്ന് കൊടുത്തത്. ഇവിടെ ചുങ്കം പിരിക്കാന്‍ സ്ഥാപിച്ചിരുന്ന ടോള്‍ബൂത്ത് അവശിഷ്ടങ്ങളും പാലത്തിനു സമീപം കൂനിമ്മേല്‍ കുരുവായി നില്‍ക്കുന്നതോടെ ഇതില്‍ വാഹനങ്ങള്‍ ഇടിച്ച് അപകടങ്ങളും പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."