നഗരസഭാ ഓഫിസിലെ ഫര്‍ണിച്ചറുകള്‍ കാണാതായെന്നു ആരോപണം
കൊടുങ്ങല്ലൂര്‍: നഗരസഭാ ഓഫിസിലെ ഫര്‍ണിച്ചറുകള്‍ കാണാതായെന്നു ആരോപണം.
വിഷയത്തില്‍ പ്രധിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. നഗരസഭാ ഓഫിസ് നവീകരണത്തിന്റെ ഭാഗമായി ഒഴിവാക്കിയ പഴയ മേശകളും കസേരകളും കാണാതായെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. കൗണ്‍സില്‍ യോഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന്‍ വിഷയം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിനു മറുപടി നല്‍കിയ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് കൈസാബ് ആരോപണം നിഷേധിച്ചു. ഒഴിവാക്കിയ ഫര്‍ണിച്ചറുകള്‍ എവിടെയെല്ലാമുണ്ടെന്ന് കൈസാബ് എണ്ണിപ്പറഞ്ഞു. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാതെ ബി.ജെ.പി അംഗങ്ങള്‍ ബഹളം തുടര്‍ന്നു. ചെയര്‍മാന്റെ ഇരിപ്പിടത്തിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചവര്‍ യോഗ നടപടികള്‍ തടസപ്പെടുത്തി. ഇതോടെ മുന്‍ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍, അഡ്വ. സി.പി രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭരണപക്ഷവും എഴുന്നേറ്റു. പരസ്പരം വാഗ്വാദത്തിലേര്‍പ്പെട്ട ഭരണ പ്രതിപക്ഷാംഗങ്ങള്‍ കൈയാങ്കളിയുടെ വക്കിലെത്തി. ഭരണപക്ഷ കൗണ്‍സിലര്‍ ടി.പി പ്രഭേഷും പ്രതിപക്ഷ കൗണ്‍സിലര്‍മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന അവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. ബഹളത്തിനൊടുവില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി നഗരസഭാ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."