കോണ്‍ഗ്രസിന്റെ മറ്റൊരു കരുത്തന്‍ ഡി.കെ ശിവകുമാറും അറസ്റ്റില്‍; നടപടി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച്
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ സമന്‍സ് ലഭിച്ച കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. നാലു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് ചെയ്തത്. ഹവാല പണമിടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ഇ.ഡി വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം സുപ്രിംകോടതിയെയും സമീപിച്ചിരുന്നു. അതേ സമയം ശിവകുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. എന്നാല്‍ സാഹസപെട്ടാണ് ഇവിടെനിന്ന് അധികൃതര്‍ കൊണ്ടുപോയി.
വ്യാഴാഴ്ച രാത്രിയാണ് ഡി.കെ ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) സമന്‍സ് നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ തനിക്ക് പേടിയില്ലെന്നും ഇതെല്ലാം പൊരുതി തോല്‍പ്പിക്കുമെന്നുമായിരുന്നു ശിവകുമാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 9.40നാണ് ഹാജരാവണമെന്നാവശ്യപ്പെട്ട് സമന്‍സ് ലഭിച്ചത്. പൊടുന്നനെയുള്ള ഇ.ഡിയുടെ ഷെഡ്യൂളിങ് വഞ്ചനാപരമാണ്. താന്‍ നിയമത്തില്‍ വിശ്വസിക്കുന്നുവെന്നും അതനുസരിച്ച് നീങ്ങുമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഹവാല ഇടപാട് കേസില്‍ ശിവകുമാറിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസ്.
അതേസമയം, ബി.ജെ.പിക്കും അന്വേഷണ ഏജന്‍സിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ശിവകുമാര്‍ ഉന്നയിച്ചിരുന്നത്. തനിക്ക് ബി.ജെ.പി അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ജെ.ഡി.എസ് എം.എല്‍.എ ശ്രീനിവാസ ഗൗഡ കര്‍ണാടക അസംബ്ലിയില്‍ പറഞ്ഞു. എന്നാല്‍ ഓപ്പറേഷന്‍ ലോട്ടസില്‍ ഒരു അന്വേഷണവുമില്ല. എന്തുകൊണ്ട് ഇ.ഡി നോട്ടിസ് നല്‍കുന്നില്ല, ആദായനികുതി വകുപ്പിന്റെ റെയ്ഡുണ്ടാവുന്നില്ല? ബി.ജെ.പിക്ക് വേറൊരു നിയമം മറ്റുള്ളവര്‍ക്ക് വേറൊരു നിയമം. അതല്ലേ?- ശിവകുമാര്‍ മാധ്യമങ്ങളോടു ചോദിച്ചു.
തന്നോട് 16 തവണ ഹാജരാവാന്‍ ആവശ്യപ്പെട്ടെന്നും അപ്പോഴെല്ലാം സഹകരിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ആദായനികുതി വകുപ്പില്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഞാനുമായി ബന്ധപ്പെട്ടത് എന്താണെന്ന കാര്യത്തില്‍ അവര്‍ക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
'ഇതിനെല്ലാം പിന്നിലുള്ള ഗൂഢാലോചന മനസിലാവും. ഞാന്‍ ഒരു കാര്യത്തിലും പേടിക്കുന്നില്ല. പ്രശ്നങ്ങളില്‍ നിന്ന് ഓടിപ്പോയ ആളല്ല ഞാന്‍. എനിക്ക് പൊരുതാനുള്ള ഗട്സുണ്ട്'- താന്‍ തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയാണ് കര്‍ണാടക രാഷ്ട്രീയത്തിലെ ട്രബിള്‍ഷൂട്ടര്‍ ഡി.കെ ശിവകുമാര്‍ അറസ്റ്റ് വരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."