ബാബരി മസ്ജിദില്‍ വിഗ്രഹം വച്ചത് രഹസ്യ ആക്രമണം; വിഗ്രഹം സ്വയംഭൂവായെന്ന വാദം തെറ്റെന്നും സുപ്രിംകോടതിയില്‍ രാജീവ് ധവാന്‍
ന്യൂഡല്‍ഹി: 1949 ഡിസംബര്‍ 22-23 രാത്രി ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം കടത്തി സ്ഥാപിച്ചത് വഞ്ചനാപരമായ ആക്രമണമായിരുന്നുവെന്ന് സുന്നിവഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍. ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹം സ്വയം ഭൂവായതൊന്നുമല്ല. അത് ആസൂത്രിതമായി അകത്ത് കടത്തിയതാണ്. മേലധികാരികളുടെ കൃത്യമായ നിര്‍ദ്ദേശമുണ്ടായിട്ടും ഫൈസാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കെ നായര്‍ വിഗ്രഹം എടുത്തുമാറ്റാന്‍ തയ്യാറായില്ല. ഇതെ നായര്‍ പിന്നീട് ഭാരതീയ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെന്നും വഖ്ഫ് ബോഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു.
1949 ഡിസംബര്‍ 16ന് നായര്‍ ചീഫ് സെക്രട്ടറിയ്‌ക്കെഴുതിയ കത്തില്‍ 1528ല്‍ ബാബര്‍ ഇവിടെയുണ്ടായിരുന്ന വിക്രമാദിത്യന്‍ സ്ഥാപിച്ച ക്ഷേത്രം തകര്‍ത്താണ് പള്ളി പണിഞ്ഞതെന്ന് എഴുതിയിരുന്നു. തര്‍ക്കപ്രദേശത്തെ തല്‍സ്ഥിതി തുടരണമെന്ന നിര്‍ദ്ദേശം നായര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലംഘിച്ചതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്ന പള്ളിയുടെ ഉള്ളിലെ ചിത്രങ്ങളും ധവാന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ ചിത്രങ്ങള്‍ക്ക് ഈ കേസുമായി എന്തു ബന്ധമാണുള്ളതെന്ന് ഈ ഘട്ടത്തില്‍ സുപ്രിംകോടതി ചോദിച്ചു.
ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ധവാന്‍, പള്ളിക്കുള്‍വശം അമ്പലമായിരുന്നുവെന്നും വിഗ്രഹം സ്വയംഭൂവായിരുന്നുവെന്നുമുള്ള വാദമെന്നും ശരിയല്ലെന്നും അത് ബലമായി പിടിച്ചെടുത്ത് വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചുമരില്‍ ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുകയും ചെയ്തതാണെന്നും വാദിച്ചു. 1934ന് ശേഷം ഹിന്ദുക്കള്‍ മുസ്്‌ലിംകളെ പള്ളിയില്‍ പ്രവേശിക്കാനോ നമസ്‌കാരിക്കാനോ അനുവദിച്ചിട്ടില്ല. ഇതിനെതിരേ വഖ്ഫ് ഇന്‍സ്‌പെക്ടര്‍ക്ക് മുസ്്‌ലിംകള്‍ പരാതിയും നല്‍കിയിരുന്നു. അതായത് അമ്പലമായതിനാല്‍ മുസ്്‌ലിംകള്‍ സ്വമേധയാ അവിടെ പ്രാര്‍ത്ഥന നിര്‍ത്തിയെന്ന വാദം സത്യമല്ല. പള്ളി പൂട്ടിയിടുകയും പോലിസ് അവരെ തടുക്കുകയും ചെയ്തതു കൊണ്ട് പേടിച്ചാണ് അവര്‍ അവിടെ നമസ്‌കരിക്കാന്‍ എത്താതിരുന്നത്. ഇക്കാര്യത്തില്‍ സാക്ഷികളുടെ ക്രോസ് വിസ്താര രേഖയുണ്ടോ എന്ന ചോദ്യത്തിന് മുസ്്‌ലിംകള്‍ പ്രാര്‍ത്ഥിച്ചിരുന്നതിന്റെ രേഖകളുണ്ടെന്ന് ധവാന്‍ പറഞ്ഞു. വാദം ഇന്നും തുടരും.
Babri Masjid case hearing continue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."