കിഫ്ബിയുടെ വരവുചെലവ് ഓഡിറ്റ് ചെയ്യണം: ചെന്നിത്തല
കൊച്ചി: കിഫ്ബിയുടെ വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബിയുടെ ചെലവ് ഓഡിറ്റ് ചെയ്യാതിരിക്കുന്നത് സര്‍ക്കാരിന്റെ അനാസ്ഥയാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. സംസ്ഥാനത്ത് പുതിയ പദ്ധതികളൊ വികസനമോ നടക്കുന്നില്ല.
വിമര്‍ശിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയുടെ സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തില്‍ മോദി പിന്തുടരുന്ന പാത തന്നെയാണ് കേരളത്തില്‍ പിണറായിയും സ്വീകരിക്കുന്നത്.
സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെയും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്ന രീതിയാണ് മോദിയുടേത്.
ജമ്മുകശ്മിരിലെ ജനപ്രതിനിധികളെ വീട്ടുതടങ്കലിലിട്ട് മോദിക്ക് എത്രനാള്‍ മുന്നോട്ടുപോകാനാകും. ആര്‍ട്ടിക്കിള്‍ 370, മുത്വലാഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരായി രാജ്യത്ത് വന്‍തോതില്‍ എതിര്‍ശബ്ദമുയരുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ചെയര്‍മാന്‍ എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."