ബി.ജെ.പി നേതാവിന്റെ അറസ്റ്റ്; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം
കൊച്ചി: വടുതലയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് സി.ജി രാജഗോപാലിനെ അറസ്റ്റ് ചെയ്യാന്‍ ഇടയായത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് ആരോപണം. ഇതേ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമായി. ബി.ജെ.പി യിലെ ആര്‍.എസ്.എസ്, സംഘപരിവാര്‍ ആഭിമുഖ്യമുള്ള പ്രബല വിഭാഗം പാര്‍ട്ടിയുടെ പിടിപ്പുകേടിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ തയാറെടുക്കുകയാണ്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ സമാധാനിപ്പിക്കാനും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനുമായി സംഭവ സ്ഥലത്തെത്തിയ സി.ജി രാജഗോപാല്‍ എന്ന മുത്തുവിനെ കേസില്‍ പ്രധാന പ്രതിയാക്കാന്‍ ഇടയായ സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടും പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ത്തുന്ന നടപടിയുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സംഘര്‍ഷ വിവരം അറിഞ്ഞപ്പോള്‍ ജില്ലയിലെ പ്രമുഖ നേതാക്കളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളും മുഖം തിരിച്ചപ്പോള്‍ സംഭവ സ്ഥലത്ത് എത്തി എന്നതിന്റെ പേരിലാണ് മുത്തുവിനെ പ്രതിയാക്കിയതെന്നും എന്നാല്‍ പിന്നീട് ബി.ജെ.പി നേതാക്കളുടെ ഇടപെടല്‍ ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
മുത്തുവിനെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചു ബി.ജെ.പി നടത്തിയ പ്രകടനം പോലും വെറും 'പ്രഹസനം ആയിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സ്റ്റേഷനിലോ പിന്നീട് രാജഗോപാലിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴോ ബി.ജെ.പി നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ സാനിധ്യം ഇല്ലാതിരുന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ശക്തമായ പ്രതിഷേധമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍. നേരത്തെയും പല അവസരങ്ങളിലും രാജഗോപാലിനെ കുടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിരുന്നു. മുത്തുവിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ചില ബി.ജെ.പി നേതാക്കള്‍ തന്നെ രഹസ്യ നീക്കം നടത്തിയതായും ഇവര്‍ ആരോപിക്കുന്നു.
വധശ്രമ കേസില്‍ ഉള്‍പ്പെട്ടു നിയോജകമണ്ഡലം പ്രസിഡണ്ട് ജയിലിലായതിനു ശേഷവും കാര്യമായ പ്രതിഷേധമൊന്നും ബി.ജെ.പി യുടെ ഭാഗത്ത് നിന്നുണ്ടാകാത്തത് ഇകാരണത്താലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."