വടുതലയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍
കൊച്ചി: വടുതലയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ മുഖ്യപ്രതി അറസ്റ്റില്‍. വടുതല മാസ്റ്റര്‍ റോഡ് ആലുങ്കപറമ്പില്‍ വീട്ടില്‍ അനില്‍കുമാറാണ്(40) പിടിയിലായത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയപ്പോള്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്. എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും സി.പി.എം വടുതല ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.എം. ജിനീഷിനെയാണ് വ്യാഴാഴ്ച കുത്തിപരിക്കേല്‍പ്പിച്ചത്. സംഘര്‍ഷത്തില്‍ പ്രതിക്കും പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്.
ഇയാള്‍ക്ക് പരിക്കേറ്റിരുന്നതിനാല്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലിസ് ശക്തമാക്കിയിരുന്നു. എറണാകുളം മുതല്‍ തൃശൂര്‍ജില്ലയിലെ വിവിധ ഭാഗങ്ങള്‍ അടങ്ങുന്ന ആശുപത്രികള്‍ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ് ഭയന്ന് പ്രതി വിവിധ ആശുപത്രികളില്‍ രഹസ്യമായി എത്തി പ്രാഥമിക ശുശ്രൂഷ നേടി മുങ്ങുകയായിരുന്നു. ഇത്തരത്തില്‍ വൈപ്പിന്‍ മേഖലയിലെ ആശുപത്രികളില്‍ പ്രതി എത്തിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.
അപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് ഇയാള്‍ പേര് മാറ്റിപറഞ്ഞാണ് ചികിത്സ തേടിയിരുന്നത്. എന്നാല്‍ കൂടുതല്‍ ചികിത്സയ്ക്കായി അമൃത ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. എന്നാല്‍ ഇയാള്‍ക്ക് 48 മണിക്കൂറത്തെ നിരീക്ഷണം ആവശ്യമാണെന്ന് പറഞ്ഞതോടെ പൊലിസ് കസ്റ്റഡിയില്‍ പ്രതി ആശുപത്രിയില്‍ തുടരുകയാണ്.
അറസ് റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. ഡല്‍ഹി എ.കെ.ജി ഭവനില്‍ സീതാറം യെച്ചൂരി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഡി.വൈ.എഫ്.ഐ വടുതലയില്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് സംഘര്‍ഷവും കത്തികുത്തും നടന്നത്.സംഭവത്തില്‍ കഴിഞ്ഞദിവസം ബി.ജെ.പി നേതാവടക്കം ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."