കേരളത്തിലെ ആദ്യ ത്രീ ഫേസ് മെമു കൊല്ലം- എറണാകുളം റൂട്ടില്‍ സര്‍വിസ് ആരംഭിച്ചു
കൊച്ചി: കേരളത്തിന് ലഭിച്ച ആദ്യ ത്രീ ഫേസ് മെമു കൊല്ലം- എറണാകുളം റൂട്ടില്‍ സര്‍വിസ് ആരംഭിച്ചു. കന്നിയാത്രയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ട്രെയിന്‍ എറണാകുളത്ത് എത്തി. ഉച്ചയ്ക്ക് കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്ത് എത്തുന്ന മെമു വൈകിട്ട് എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്ക് തിരികെപോകും.
എറണാകുളം ക്രൂ ഡിപ്പോയിലെ പാസഞ്ചര്‍ ലോക്കോ പൈലറ്റ് എ.എന്‍ വല്‍സനാണ് ആദ്യ സര്‍വിസ് ഓടിച്ചത്. ത്രീ ഫേസ് മെമുവിന്റെ പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററാണ്.
സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടാണ് ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. കോച്ചുകളില്‍ സി.സി.ടി.വി കാമറ, ഭാരം കുറഞ്ഞ സ്ലൈഡിങ് ഡോറുകള്‍, ജി.പി.എസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, കുഷ്യന് സീറ്റുകള്‍, ബയോ ശുചിമുറികള്‍, ബോട്ടില്‍ ഹോള്‍ഡര്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയുണ്ടെന്ന് കൊല്ലം മെമു ഷെഡ് ഇന്‍ ചാര്‍ജ് തോമസ് ജോണ്‍ പറഞ്ഞു. കുലുക്കം കുറയ്ക്കാനായി സെക്കന്‍ഡറി എയര്‍ സസ്പെന്‍ഷനും നല്‍കിയിട്ടുണ്ട്. ആദ്യമായാണ് മെമു ട്രെയിനുകളില്‍ എയര്‍ സസ്പെന്ഷന് സംവിധാനം വരുന്നത്. ലോക്കോപൈലറ്റിന്റെയും ഗാര്‍ഡിന്റെയും കാബിന് എ.സിയാണ്. 614 പേര്‍ക്ക് ഇരിക്കാനും 1788 പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ട്രെയിനിലുള്ളത്. പരമ്പരാഗത മെമു ട്രെയിനിനേക്കാള്‍ 35 ശതമാനം ഇന്ധനക്ഷമത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."