പി.എസ്.സി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പരീക്ഷാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പി.എസ്.സി ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്തു. തട്ടിപ്പ് നടത്തിയ ശിവരഞ്ജിത്തും നസീമും പ്രണവും പരീക്ഷയെഴുതിയ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
ഇതിനുപുറമെ കോണ്‍സ്റ്റബിള്‍ പരീക്ഷാ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പട്ടിക പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം നോട്ടിസ് അയച്ച് വിളിച്ചുവരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പി.എസ്.സി പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കര്‍ശന നിലപാടെടുത്തതോടെ തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍ പേരെയും കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം.
അതേസമയം, ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഹാളിലേക്ക് മൊബൈല്‍ഫോണ്‍ കൊണ്ടുവന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കിയ മൊഴി. പ്രതികള്‍ സ്മാര്‍ട് വാച്ച് കെട്ടിയിരുന്നോയെന്ന് ഓര്‍മയില്ലെന്നും അവര്‍ മൊഴിനല്‍കി.
അതിനിടെ, ലുക്കൗട്ട് നോട്ടിസില്‍ ഉള്‍പ്പെട്ട പ്രതി കണ്മുന്നില് വന്നിട്ടും പി.എസ്.സി വിജിലന്‍സ് പൊലിസിന് കൈമാറിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതി പ്രണവിനെ പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സി വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. അപ്പോള്‍ പൊലിസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. പി.എസ്.സി വിജലന്‍സിന് മൊഴിനല്‍കിയതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."