ഡെങ്കി ആശങ്ക; കക്കാട്ടെ 'പൊളിമാര്‍ക്കറ്റില്‍' പൊലിസ് പരിശോധന
തിരൂരങ്ങാടി: കക്കാടും പരിസരങ്ങളിലും ഡെങ്കിപ്പനി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വാഹന പൊളിമാര്‍ക്കറ്റില്‍ പൊലിസ് പരിശോധന നടത്തി.
ദേശീയപാത കക്കാട് കോഴിക്കോട് റോഡിലെ വാഹനങ്ങള്‍ പൊളിച്ച് പാര്‍ട്സുകള്‍ വില്പന നടത്തുന്ന കേന്ദ്രത്തിലാണ് തിരൂരങ്ങാടി അഡീ.എസ്.ഐ മാരായ ബാലകൃഷ്ണന്, ഷാഹുല്‍ ഹമീദ്എന്നിവര് പരിശോധന നടത്തിയത്.തുറസായസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പാര്ട്സുകളില് വെള്ളം കെട്ടിനിന്ന് ഡെങ്കി അടക്കമുള്ള കൊതുകുകള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. അലക്ഷ്യമായി കിടക്കുന്ന പാര്‍ട്സുകള്‍ ഉടനെ സ്ഥലത്തുനിന്ന് മാറ്റണമെന്നും പാര്ട്സുകള്ക്ക്മുകളില് മഴ നനയാത്തവിധം ഷെഡ് ഒരുക്കണമെന്നും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൊതുകുനശീകരണ മിശ്രിതങ്ങള്‍ തെളിക്കണമെന്നും ഉടമയ്ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊതുകുവളര്ത്തുകേന്ദ്രമാണെന്ന് ആരോപിച്ച് ഈസ്ഥാപനത്തിനെതിരേ നാട്ടുകാര്‍ നേരത്തെ പരാതിയുമായി രംഗത്തുണ്ട്. ഇതില്‍ നാഗരസഭാ അധികൃതരും ആരോഗ്യ വകുപ്പും നടപടികള്‍ എടുത്തില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലിസിന്റെ ഇടപെടല്‍.
അതേസമയം കക്കാട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. ഈ സ്ഥാപനത്തിന് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലെ പതിനൊന്ന് ജീവനക്കാര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്ധന വിതറണം നിര്‍ത്തിവെച്ചിരുന്നു. കക്കാട് അടക്കം തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപേര്‍ക്ക് ഈയിടെയായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."