നെടുവ കുന്നുംപുറത്ത് കിണറുകളില്‍ മലിന ജലം; ജനം ദുരിതത്തില്‍
പരപ്പനങ്ങാടി: മുനിസിപ്പാലിറ്റിയിലെ എട്ടാം ഡിവിഷനില്‍ കുന്നുംപുറത്തു കിണറുകളില്‍ മലിനജലം കാരണം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍. കുന്നുംപുറം പരിസരത്തെ നൂറോളം വീടുകളിലെ കിണറുകളിലാണ് മലിനജലം നിറഞ്ഞത്. മഞ്ഞ നിറത്തില്‍ പശമയോടെയുള്ള വെള്ളമാണ് കിണറുകളില്‍ എത്തുന്നത്. പ്രദേശത്തെ പരന്നുകിടക്കുന്ന പച്ചരിപ്പാടത്തു കഴിഞ്ഞ വേനലില്‍ വെള്ളം കിട്ടാത്തതിനാല്‍ പുഞ്ച കൃഷി നടന്നിരുന്നില്ല. വേനല്‍ രൂക്ഷമാവുകയും വലിയ തോതിലുള്ള വിള്ളല്‍ കാണപ്പെടുകയും ചെയ്തിരുന്നു. വേനല്‍ കഴിഞ്ഞതോടെ പെയ്ത മഴയില്‍ വിള്ളലിലൂടെ വെള്ളം കിണറുകളില്‍ എത്തിയതാകാം മലിന ജലം നിറയാന്‍ കാരണമെന്നാണ് പരിസര വാസികള്‍ പറയുന്നത്. ഇതോടെ ഈ ഇടവപ്പാതിയിലും കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് കുന്നുംപുറം പരിസരവാസികള്‍.
വാട്ടര്‍ അതോറിട്ടി, റവന്യൂ വകുപ്പ്,ആരോഗ്യ വകുപ്പ് എന്നീ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും കുടിവെള്ളത്തിന് വേണ്ടി കാര്യമായ നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. റവന്യൂ അധികൃതര്‍ 2000 ലിറ്റര്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും വീടുകളിലെ ഉപയോഗത്തിന് ആര്‍ക്കും എത്തിപ്പെടുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കാര്യമായ നടപടികളൊന്നും തന്നെ അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ വളരെ പെട്ടെന്ന് തന്നെ തക്കതായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ പൊതു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."