കാര്‍ഷിക ജീവിത സ്വപ്‌നങ്ങള്‍ ബാക്കിയാക്കി മുഹമ്മദ് മൂപ്പന്‍ മടങ്ങി
തിരൂര്‍: മികച്ച പരമ്പരാഗത കര്‍ഷകന്‍, ഏവര്‍ക്കും സ്വീകാര്യനായ നല്ല ജനപ്രതിനിധി, രാഷ്ട്രീയ രംഗത്ത് തികഞ്ഞ ആത്മാര്‍ഥത, എന്തുകൊണ്ടും മുഹമ്മദ് മൂപ്പന്റേത് മാതൃകാജീവിതമായിരുന്നു. മണ്ണിനെയും മനുഷ്യനെയും അകമഴിഞ്ഞ് സ്‌നേഹിച്ച പച്ചയായ മനുഷ്യന്‍ മടങ്ങിയത് സഫലീകരിക്കാന്‍ ആഗ്രഹിച്ച കാര്‍ഷിക സ്വപ്നങ്ങള്‍ ബാക്കിവച്ചാണ്. അതുകൊണ്ടു തന്നെ തിരൂര്‍ ചെമ്പ്രയിലെ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പന്റെ വിയോഗം നാടിന്റെ തന്നെ നൊമ്പരമായി.
ചെമ്പ്ര പ്രദേശത്ത് മുസ്‌ലിം ലീഗിനെ ജനകീയമാക്കുന്നതിലും മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിലും ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. അതുകൊണ്ടു തന്നെ തിരൂര്‍ നഗരസഭയില്‍ മുസ്‌ലിം ലീഗിനെ ഇദ്ദേഹം നാലു തവണ പ്രതിനിധീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നപ്പോഴും ജനപ്രതിനിധിയായി മാറിയപ്പോഴും തന്റെ മുമ്പിലെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇറങ്ങുന്ന പതിവു ശീലം തുടര്‍ന്നു. തിരക്കുകള്‍ക്കിടയിലും കൃഷിയെ കൈവിടാതെ നോക്കാനും മൂപ്പന്‍ ശ്രദ്ധിച്ചു. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച മുഹമ്മദ് മൂപ്പന് 2015-16 ലെ കേന്ദ്ര കൃഷി വകുപ്പിന്റെ പ്ലാന്റ് ജിനോം സേവിയര്‍ ഫാര്‍മര്‍ അവാര്‍ഡ് ലഭിച്ചത് ഇതിനുള്ള ദൃഷ്ടാന്തമാണ്.
മമ്പാട് എം.ഇ.എസ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരൂര്‍ മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡന്റ്, ചെമ്പ്ര മഹല്ല് വൈസ് പ്രസിഡന്റ്, ഇര്‍ഷാദുല്‍ അനാം മദ്രസ പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം സെക്രട്ടറി, തിരൂര്‍ കോക്കനട്ട് ഫെഡ റേഷന്‍ പ്രസിഡന്റ്, ചെമ്പ്ര പാഡി ഗ്രൂപ്പ് ഫാര്‍മിങ് കണ്‍വീനര്‍, തിരൂര്‍ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.എസ്.സി കെമിസ്ട്രിയില്‍ ബിരുദധാരിയാണ്. മരണ വിവരം അറിഞ്ഞ് നാടിന്റ നാനാഭാഗത്തു നിന്നും നൂറുകണക്കിനാളുകളാണ് ചെമ്പ്രയിലെ വസതിയിലേക്ക് ഒഴുകിയെത്തിയത്. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്, അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, കുറുക്കോളി മൊയ്തീന്‍, വെട്ടം ആലിക്കോയ, നഗരസഭാ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ്, എ.കെ.സൈതലവി ഹാജി, പി.പി.ഇബ്രാഹിം മാസ്റ്റര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി ജനാസ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."