മൈസൂരുവില്‍ കച്ചവട സ്ഥാപനത്തിലെ ഗോഡൗണ്‍ കൊള്ള; മുഖ്യപ്രതികള്‍ പിടിയില്‍
മലപ്പുറം: കഴിഞ്ഞ മാസം മൈസൂരുവിലെ ഒരു കച്ചവട സ്ഥാപനത്തിന്റെ ഗോഡൗണ്‍ കൊള്ളയടിച്ചു ലക്ഷക്കണക്കിനു രൂപയുടെ സാമഗ്രികള്‍ കടത്തിക്കൊണ്ടുവന്ന കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ മലപ്പുറം പൊലിസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ സഹായത്തോടെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു.
കൂട്ടിലങ്ങാടി കടൂപുറം സ്വദേശി ഒടമലക്കുന്ന് വീട്ടില്‍ ഷാനവാസ് എന്ന കുഞ്ഞിപ്പ (35), ചാവക്കാട് സ്വദേശിയും നിലവില്‍ അരീക്കോട് താമസിച്ചുവരുന്നതുമായ അനീഷ് മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം രണ്ടാംവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ അര്‍ധരാത്രി മൈസൂരുവിലെ ഒരു സ്ഥാപനത്തിന്റെ ഷട്ടര്‍ തകര്‍ത്തു മിനി ലോറി നിറയെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോരുകയായിരുന്നു. ഷാനവാസിന് കൂട്ടിലങ്ങാടിയിലുള്ള കടയില്‍വച്ചു സാധനങ്ങള്‍ വില്‍പന നടത്താമെന്ന ഉദ്ദേശത്തോടെ കടത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.അനീഷ് ബലാത്സംഗം, പെണ്‍വാണിഭം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു സഹായമാവശ്യപ്പെട്ടു കര്‍ണാടക പൊലിസ് സംഘം മലപ്പുറത്തെത്തിയതിനെ തുടര്‍ന്നു ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദേശപ്രകാരം മലപ്പുറം എസ്.ഐ ബിനു ബി.എസ്, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.എ മുഹമ്മദ് ഷാക്കിര്‍, എന്‍.എം അബ്ദുല്ല ബാബു എന്നിവരടങ്ങുന്ന സംഘത്തിന്റെ നീക്കത്തിലൂടെയാണ് പ്രതികള്‍ വലയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."