ഫുട്‌ബോളിലേക്ക് പ്രതിഭകളെ തേടി 'കിക്ക് ഓഫ്' പദ്ധതിയുമായി കായികവകുപ്പ്
തിരുവനന്തപുരം: ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ പരിശീലനത്തിന് 'കിക്ക് ഓഫ്' പദ്ധതിയുമായി സംസ്ഥാന കായിക വകുപ്പ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കി ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയെന്നതാണ് 'കിക്ക് ഓഫ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പത്ത് വര്‍ഷത്തിലധികം പരിചയമുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിലായി ഈ സാമ്പത്തിക വര്‍ഷം തന്നെ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച 25 പേരെ വീതം തിരഞ്ഞെടുത്ത് ഓരോ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് സെന്ററുകളിലാണ് പരിശീലനം നല്‍കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 24 ന് കണ്ണൂര്‍ കല്ല്യാശേരി കെ.പി.ആര്‍.ജി.എച്ച്.എസ്.എസില്‍ നടക്കും. കിക്ക് ഓഫ് പദ്ധതിയിലേക്ക് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഈ മാസം 30 വരെയാണ് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ എസ്.എം.എസായി ലഭിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വിദഗ്ധരെ ഉള്‍പ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയും സ്‌കൂളുകളില്‍ സ്ഥലം എം.എല്‍.എ അടക്കമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."