മൂന്ന് താരങ്ങള്‍, കൂട്ടിന് പൊട്ടിപ്പൊളിഞ്ഞൊരു സ്‌പൈക്കും
തിരുവനന്തപുരം: സല്‍മാനും മിഥുനും അനന്ദുവും ട്രാക്കിലിറങ്ങുന്നത് പൊട്ടിപ്പൊളിഞ്ഞൊരു സ്‌പൈക്കിന്റെ കരുത്തില്‍. ചിറ്റാര്‍ വനമേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് സ്പ്രിന്റ് മുതല്‍ മധ്യദൂരയിനങ്ങളില്‍ വരെ പോരാടാനെത്തിയ ഈ മൂവര്‍ സംഘത്തിന്റെ കൈയിലുള്ളത് ഒരേയൊരു സ്‌പൈക്ക് മാത്രമാണ്. 200 മീറ്റര്‍ മുതല്‍ 3000 മീറ്റര്‍ വരെയുള്ള ഏഴിനങ്ങളിലാണ് ഇവരുടെ പോരാട്ടം. പത്തനംതിട്ട ചിറ്റാര്‍ വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക താരങ്ങളാണ് മൂവരും.
പത്തനംതിട്ട റവന്യൂ ജില്ലാ കായിക മേളയില്‍ ജൂനിയര്‍ വിഭാഗത്തിലെ വ്യക്തിഗത ചാംപ്യനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സല്‍മാന്‍ഖാന്‍. 800, 1500, 3000 മീറ്ററില്‍ സല്‍മാന്‍ ട്രാക്കിലിറങ്ങും. പ്ലസ്ടു വിദ്യാര്‍ഥിയായ മിഥുന്‍ മാത്തുകുട്ടി സീനിയര്‍ വിഭാഗം 200, 400 മീറ്ററിലെ ജില്ലാ താരമാണ്. പ്ലസ്ടു വിദ്യാര്‍ഥിയായ അനന്ദു ബോസ് ജൂനിയര്‍ വിഭാഗത്തില്‍ 1500, 3000 മീറ്ററിലാണ് മത്സരിക്കുന്നത്. മൂവരും ജില്ലാ ചാംപ്യന്‍ഷിപ്പില്‍ മെഡലുകളിലേക്ക് ഓടിക്കയറിയത് പൊട്ടിപ്പൊളിഞ്ഞ ഈ ഒറ്റ സ്‌പൈക്കിന്റെ ബലത്തിലാണ്.
ഇവര്‍ മാത്രമല്ല സ്‌കൂളില്‍നിന്ന് ജില്ലാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത 26 പേരും ഈ സ്‌പൈക്ക് തന്നെയാണ് ഉപയോഗിച്ചത്. സ്‌കൂളിലെ അധ്യാപിക കഴിഞ്ഞ വര്‍ഷം സമ്മാനിച്ചതാണ് ഏഴ് ഇഞ്ചിന്റെ ഈ സ്‌പൈക്ക്. സല്‍മാനും അനന്ദുവിനും സ്‌പൈക്കിന്റെ അളവ് കൃത്യം. പക്ഷെ രണ്ടു പേരും 1500, 3000 മീറ്ററില്‍ മത്സരിക്കുന്നുണ്ട്. അപ്പോള്‍ ഒരാള്‍ നഗ്നപാദനായി ട്രാക്കില്‍ ഇറങ്ങണം. മിഥുനിന്റെ കാലളവ് എട്ട് ഇഞ്ചാണ്. എങ്കിലും ഇതേ സ്‌പൈക്ക് ഇട്ടാണ് ഓടുന്നത്. ഓടിത്തളര്‍ന്ന സ്‌പൈക്കിന്റെ അടിവശം മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്. പുറംചട്ടയും കീറി. സ്‌പൈക്കിന്റെ അടിവശത്തെ ഗ്രിപ്പ് ഉറപ്പിക്കലാണ് മൂവരുടെയും പ്രാധാന ജോലി. ഓരോരുത്തരുടെയും പരിശീലനം കഴിയുമ്പോള്‍ ഗ്രിപ്പ് മുറുക്കണം. ഇല്ലേല്‍ കാല്‍ വഴുതി വീഴും. സല്‍മാന്റെ പിതാവ് രോഗബാധിതനാണ്. മറ്റുള്ള രണ്ടു പേരുടെയും രക്ഷകര്‍ത്താക്കള്‍ക്ക് കൂലിപ്പണിയാണ്. ഇത് തന്നെയാണ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആകെ സ്ഥിതി. അതു കൊണ്ട് പി.ടി.എയ്ക്കും ഇവരെ സഹായിക്കാനാകുന്നില്ല. പരിശീലനത്തിനുള്ള ഒരു സൗകര്യം സ്‌കൂളിലില്ല.
സ്‌കൂളിലെ ചെറിയ മൈതാനത്ത് നഗ്നപാദരായി ഓടിയാണ് പരിശീലിച്ചത്. രണ്ട് വര്‍ഷം മുമ്പ് എസ്.എസ്.എ വഴി നിയമതിനായ കെ.എസ് രഞ്ജിത്ത് കായിക അധ്യാപകനായി എത്തുന്നതോടെയാണ് സ്‌കൂളില്‍ പരിശീലനം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജാവലിന്‍ ത്രോയില്‍ ഈ സ്‌കൂളിന് നാലാം സ്ഥാനം കിട്ടി. അന്ന് നാലു പേര്‍ പങ്കെടുത്തു.
അവര്‍ക്കായാണ് അന്ന് സ്‌പൈക്ക് വാങ്ങി നല്‍കിയത്. ജില്ലാ ചാംപ്യന്‍ഷിപ്പ് സമയത്ത് കുട്ടികളുടെ ദുരവസ്ഥ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും കായിക വകുപ്പ് അധികൃതരെയും അറിയിച്ചതാണ്. പക്ഷെ വനവാസി സ്‌കൂളിലെ കായിക താരങ്ങളുടെ പരിദേവനങ്ങള്‍ക്ക് നേരെ മുഖംതിരിച്ചു അധികൃതര്‍.
ഈ സ്‌പൈക്ക് മത്സരം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. വിലകൂടിയ ബ്രാന്‍ഡഡ് സ്‌പൈക്കും തിളങ്ങുന്ന ജഴ്‌സിയുമൊക്കെയായി ചാംപ്യന്‍ സ്‌കൂളുകളിലെ താരങ്ങള്‍ പായുമ്പോള്‍ കീറിപ്പറിഞ്ഞ സ്‌പൈക്കുമായി കാടിറങ്ങി വന്ന ഈ കുട്ടികളും ഇന്ന് ട്രാക്കില്‍ ഇറങ്ങും. ഇവര്‍ക്ക് ഒരു പ്രാര്‍ഥന മാത്രമേയുള്ളു. ചാംപ്യന്‍ഷിപ്പ് സമാപിക്കും വരെ സ്‌പൈക്കിന് ഒന്നും സംഭവിക്കരുതേയെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."