മടക്കം ട്രിപ്പിളോടെ; നിസാരം
കിങ്സ്റ്റണ്‍: ആദ്യം ടി20, പിന്നീട് ഏകദിനം, ഇപ്പോഴിതാ കരീബിയന്‍സ് മണ്ണില്‍ ടെസ്റ്റിലും ജയിച്ച് സമഗ്രാധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒരുവെടിക്ക് മൂന്ന് പക്ഷി എന്ന പോലെ മൂന്ന് ട്രോഫിയുമായി സ്വന്തം മണ്ണിലേക്ക് യാത്രയായിരിക്കുന്നു. അസാധ്യമെന്നല്ലാതെ വേറെന്ത് പറയാന്‍. ഇങ്ങനെ പോയാല്‍ ലോകക്രിക്കറ്റ് പ്രേമികള്‍ നായകന്‍മാരില്‍ അമരത്ത് വച്ചിരിക്കുന്ന ധോണിയെ മാറ്റി കോഹ്‌ലിയെ പ്രതിഷ്ഠിക്കേണ്ടി വരുമോ... നേരത്തേ സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ കുറിച്ചുവച്ചപ്പോള്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി പഴങ്കഥയാക്കുന്ന കോഹ്‌ലി ഇന്നിതാ ധോണിയുടെ റെക്കോര്‍ഡുകളെയും പൊളിച്ചടുക്കിയിരിക്കുന്നു.
അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി കളിച്ച മൂന്ന് ടി20യും രണ്ട് ഏകദിനവും രണ്ട് ടെസ്റ്റും എതിരാളിക്ക് ഒരു സമയത്ത് പോലും പിടികൊടുക്കാതെയാണ് ഇന്ത്യന്‍പട കൈപ്പിടിയിലൊതുക്കിയത്.
വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഇന്ത്യ ഓസീസ് മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി എത്തിപ്പിടിച്ചത്. ആദ്യമായി വിന്‍ഡീസിനെതിരേ ഒരു പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും വെന്നിക്കൊടി നാട്ടി എന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം. മുന്‍പ് 2017ല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ടി20യും സ്വന്തമാക്കിയായിരുന്നു ഇന്ത്യയുടെ മടക്കം. ഇപ്പോഴിതാ വിന്‍ഡീസ് മണ്ണിലും ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്.
സീനിയറല്ല, ജൂനിയര്‍
ലോക ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന സീനിയര്‍ താരങ്ങളുടെ നിലനില്‍പ്പ് കരീബിയന്‍സ് ക്രീസില്‍ പ്രകടമായില്ല. എന്നാല്‍ ഒരുപിടി യുവനിരയാണ് സീനിയര്‍ താരങ്ങള്‍ അരങ്ങുവാഴാത്ത ബാറ്റിങില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായത്. ഇന്ത്യക്കായി വെറും നാല് മത്സരം കളിച്ചെത്തിയ ഹനുമ വിഹാരിയും ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വൈസ് ക്യാപ്റ്റനായി മടങ്ങിയെത്തിയ രഹാനെയും ചേര്‍ന്നാണ് ബാറ്റിങില്‍ വീര്യം ചേര്‍ത്തത്. രണ്ടുപേരും കളിയിലെ താരമായും ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇരുവരുടെയും അവസരോചിതമായ കൂട്ടുകെട്ട് പലപ്പോഴും ഇന്ത്യയെ വഴിതിരിച്ചുവിടുകയും ചെയ്തു. പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്ന കോഹ്‌ലിയും പൂജാരയും മാറിനിന്നപ്പോള്‍ ഇവര്‍ ഇന്ത്യയെ പരമ്പരവിജയത്തിലേക്കെത്തിച്ചു. ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനത്തിലൂടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ നിര്‍ണായക സംഭാവന നല്‍കിയ കെ.എല്‍ രാഹുലും ഒരു സീനിയര്‍ താരമായിരുന്നില്ല എന്നതും ഇത് ജൂനിയര്‍ താരങ്ങളുടെ പരമ്പരയായിരുന്നു എന്ന വിശേഷണത്തിന് വിധേയമാക്കുന്നു.
ബൗളിങിലെ ബുംറ തന്ത്രം
നിലവില്‍ ജസ്പ്രീത് ബുംറയാണ് ലോക ബൗളിങ് ഇതിഹാസ താരങ്ങള്‍ക്കിടയിലെ പ്രധാന വിഷയം. അവര്‍ ഓരോരുത്തരും ഇന്ത്യന്‍ താരത്തെ പുകഴ്ത്തുന്നതിന്റെ തിരക്കിലാണ്. കാരണം വിന്‍ഡീസിലെ അത്യുഗ്രന്‍ പ്രകടനം തന്നെ.
ഈ ടെസ്റ്റില്‍ വിന്‍ഡീസ് ബൗളിങ് നിരയുടെ പ്രകടനം അത്ര മോശമല്ലെങ്കിലും ബാറ്റിങ് നിര അതിദയനീയമായിരുന്നു. സ്വന്തം മണ്ണില്‍ നാല് ഇന്നിങ്‌സുകളിലായി 222, 100, 117, 210 എന്ന ദയനീയ ടോട്ടലില്‍ അവരെ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്ക് ബുറയ്ക്ക് തന്നെയായിരുന്നു. രണ്ട് ടെസ്റ്റുകളില്‍ നിന്നായി സ്വന്തമാക്കിയത് 13 വിക്കറ്റുകള്‍. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബുംറയുടെ ആക്രമണയേറില്‍ എതിര്‍ ടീം 117 റണ്‍സില്‍ കൂടാരം കയറിയതും ഇന്ത്യയുടെ ജയം നിസാരമാക്കി. ഈ ഇന്നിങ്‌സില്‍ ഹാട്രിക്കടക്കം ആദ്യത്തെ അഞ്ചു പേരേയും കൂടാരം കയറ്റിയത് ബുംറയുടെ ബൗളിങ് മാന്ത്രികതയിലൂടെയായിരുന്നു.
വിദേശപ്പിച്ചിലെ പ്രകടന മികവ് മുന്നില്‍ കണ്ടായിരുന്നു ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഇശാന്ത് ശര്‍മയെ ടീമില്‍ വിളിച്ചത്. അത് കരീബിയന്‍ മണ്ണില്‍ പ്രകടമാവുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വേണ്ടി ബൗളിങ് തന്ത്രത്തിന് തുടക്കമിട്ട താരം രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും പതിവു രീതി തെറ്റിക്കാതിരുന്നതോടെ ഇന്ത്യയുടെ അനായാസ ജയത്തിന് മാറ്റുകൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."