മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ ദുഃഖവും വേദനയുമുണ്ടെന്ന് തന്ത്രിമാരുടെ യോഗം
തൃപ്പൂണിത്തുറ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി തന്ത്രിമാരെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ദുഃഖവും വേദനയുമുണ്ടെന്ന് തന്ത്രിമാരുടെ യോഗം. എരൂര്‍ പുലിയന്നൂര്‍ മനയില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൂടിയ തന്ത്രിമാരുടെ അടിയന്തര യോഗത്തിലാണ് വേദനകള്‍ പങ്ക് വച്ചത്.
ഏക പക്ഷീയമായി മുഖ്യമന്ത്രി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലും നടപടി ക്രമങ്ങളിലും മാറ്റം നിര്‍ദേശിച്ചത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്ത്രിമാര്‍ പറഞ്ഞു.
ഇത്തരമൊരു നീക്കം നടത്തുന്നതിനുമുമ്പ് ജനാധിപത്യ സംവിധാനത്തിലെ ഒരു ഭരണാധികാരി എന്ന നിലയില്‍ ഭക്തജനഹിതം അന്വേഷിച്ച് അറിയാനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ടാകണമായിരുന്നു.
സുപ്രിം കോടതി വിധി അന്തിമം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ നിയമപ്രകാരം അതിലെ കക്ഷികള്‍ക്ക് അനുവദനീയമായ ആശ്വാസ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹം വിസ്മരിച്ചെന്നും തന്ത്രിമാര്‍ പറഞ്ഞു. സുപ്രിം കോടതി വിധി തന്നെയാണ് അന്തിമമമെന്ന് മുഖ്യമന്ത്രി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് സുപ്രിം കോടതിയിലെ അധികാരത്തിന്മേലുള്ള കൈകടത്തലാണ്. ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രിവൃത്തി ചെയ്യുന്നവരും പൂജാവിധി നടപ്പിലാക്കുന്നവരും ബ്രഹ്മചാരികള്‍ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ബ്രഹ്മചര്യത്തിന്റെ അര്‍ഥം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തന്ത്രിമാര്‍ പറഞ്ഞു.
തന്ത്രി ക്ഷേത്ര ഉടമകളുടെ കൂലിക്കാരന്‍ ആണെന്ന മുഖ്യമന്ത്രിയുടെ വ്യാഖ്യാനം വേദനയുളവാക്കുന്നതാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അജ്ഞതയുണ്ടെന്നുകൂടി വെളിവാകുന്നു.
എല്ലാ സ്വകാര്യ ക്ഷേത്രങ്ങളുടെയും സമുദായ സംഘടനകള്‍, വ്യക്തികള്‍ ഇവരെല്ലാം സ്ഥാപിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളുടെ ഉടമസ്ഥര്‍ അവരാണെന്നത് നേരാണ്. പക്ഷേ ഓരോ ക്ഷേത്രത്തിനും അതിന്റെ തന്ത്രിയുണ്ട്. ആ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്ക് ഉടമസ്ഥരല്ല തന്ത്രി മാത്രമാണെന്നും തന്ത്രി ഇവരുടെ ശമ്പളക്കാരനല്ലെന്നും തന്ത്രിയുടെ മേല്‍ ഉടമസ്ഥര്‍ക്ക് അധികാരങ്ങളില്ലെന്നും തന്ത്രിമാര്‍ പറഞ്ഞു.
ഹൈന്ദവ ധര്‍മം വിഭാവനം ചെയ്യുന്ന ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ധര്‍മത്തിന്റെയും ചൈതന്യമായ ശബരി മലയെ തകര്‍ത്ത് രാജ്യത്ത് വിഭജനവും നാശവും ഉണ്ടാക്കാനുള്ള ദുഷ്ട ബുദ്ധികളുടെ കൗശലങ്ങള്‍ക്ക് മുഖ്യമന്ത്രി വശംവദനനാകുന്നതില്‍ ഖേദമുണ്ടെന്നും തന്ത്രിമാര്‍ പറഞ്ഞു.
വൃശ്ചികം മണ്ഡലമകരവിളക്കിനു മുന്‍പായി കേരളത്തിലെ എല്ലാ സന്യാസിശ്രേഷ്ഠന്‍മാരും ക്ഷേത്രജ്ഞന്മാരും വിവിധ സമുദായങ്ങളിലെ തന്ത്രി ശ്രേഷ്ഠന്മാരും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരും അയ്യപ്പസ്വാമി വിശ്വാസികളും അടക്കം ഹൈന്ദവ ധര്‍മം സംരക്ഷിക്കുന്ന എല്ലാവരുടെയും ഒരു യോഗം ഉടന്‍ വിളിച്ചു കൂട്ടുമെന്നും തന്ത്രിമാര്‍ അറിയിച്ചു.
യോഗത്തില്‍ തന്ത്രി സമാജം അധ്യക്ഷന്‍ പെരുവാരം വേഴപറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
നാഗര്‍കോവില്‍ പാമ്പു മേക്കാട് ജാതവേദന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, വാസുദേവന്‍ നമ്പൂതിരിപ്പാട്, ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, ഹരി നാരായണന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിപ്പാട്, തെക്കേടത്ത് കുഴിക്കാട്ട് വാസുദേവന്‍ നമ്പൂതിരിപ്പാട്, സൂര്യകാലടി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട്, പുതുമന വാസുദേവന്‍ നമ്പൂതിരിപ്പാട്, പ്ലാക്കുട്ടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാട്, അക്കീരമണ്‍ കളിദാസ ഭട്ടതിരിപ്പാട്, ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, വേഴാപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, പുല്ലാം വഴി ദേവന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ചേന്നാസ് ചെറിയ നാരായണന്‍ നമ്പൂതിരിപ്പാട്, ആമേടമംഗലത്ത് മന വാസുദേവന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ തന്ത്രി മുഖ്യരുടെ അടിയന്തിര യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."