വിസ തട്ടിപ്പുകേസിലെ പ്രതി പൊലിസ് പിടിയില്‍
വെട്ടത്തൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലിസ് പിടിയിലായി. പത്തനംതിട്ട കോഞ്ഞി സ്വദേശി പ്രിന്‍സ് സക്കരിയ (26)ആണ് മേലാറ്റൂര്‍ പൊലിസിന്റെ പിടിയിലായത്. ഇന്റര്‍നെറ്റിലെ ഒ.എല്‍.എക്‌സില്‍ പരസ്യപ്പെടുത്തിയാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ തട്ടിപ്പിനിരയായ വെള്ളിയഞ്ചേരി സ്വദേശി ഷമീം ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച മേലാറ്റൂര്‍ എസ്.ഐ രാജീവനും സംഘവും മറ്റൊരാള്‍ക്ക് വിസ ആവശ്യമുണ്ടെന്ന് പറഞ്ഞ് ചെമ്മാണിയോട് പാലത്തിനു സമീപം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ സഞ്ചരിച്ചുവന്ന കാറും കാറില്‍ നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡും ഫെഡറല്‍ ബാങ്ക് ചെക്ക് ബുക്കും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ തെളിവെടുപ്പ് നടത്തി. പ്രതി വാടകക്ക് താമസിച്ചിരുന്ന എറണാകുളം ജില്ലയിലെ മുഴുവന്നൂര്‍പ്പുറത്തുള്ള വീട്ടില്‍ നിന്നും 33 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും മറ്റു വിലമതിക്കുന്ന രേഖകളും കണ്ടെത്തിയതായി പൊലിസ് പറഞ്ഞു.
ഒ.എല്‍.എക്‌സ് വഴി പരസ്യം നടത്തി തന്നെ സമീപിക്കുന്ന ഇരകളില്‍ നിന്നും ആദ്യഘട്ടമായി 4000രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും പാസ്‌പോര്‍ട്ടും കൈപ്പറ്റുകയും വിസ ശരിയാക്കിയതിനു ശേഷം ബാക്കി 4500രൂപ വേണ്ടിവരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തി വരുന്നതെന്നും ചില ഉദ്യോഗാര്‍ഥികള്‍ക്ക് പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കിയിട്ടുണ്ടെന്നും പൊലിസ് പറയുന്നു. പ്രതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഇരകളില്‍ നിന്നും കൈപ്പറ്റിയ പണം കണ്ടെത്താന്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിക്കുമെന്നും പൊലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മേലാറ്റൂര്‍ അഡീഷണല്‍ എസ്.ഐ. കെ.പി.എ റഹ്മാന്‍, എ.എസ്.ഐ എം.സുരേഷ്, എസ്.സി.പിമാരായ സി.ജെ ബാബു, രാമചന്ദ്രന്‍, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."