കോണ്‍ഗ്രസ് ശ്രമം ബി.ജെ.പിയിലേക്ക് ആളെക്കൂട്ടാന്‍: മുഖ്യമന്ത്രി
കോട്ടയം: കേരളത്തില്‍ കോണ്‍ഗ്രസിന് ബി.ജെ.പിയിലേക്ക് ആളെക്കൂട്ടുന്ന പണിയാണെന്നും ബി.ജെ.പിയെ കോണ്‍ഗ്രസ് ഇടത്താവളമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് കോട്ടയത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവതീ പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് അവസരവാദ നിലപാടാണ്. മതനിരപേക്ഷതയ്‌ക്കെതിരേ നില്‍ക്കുന്നവര്‍ക്കൊപ്പം സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം.
ഉത്തരേന്ത്യയിലെപോലെ വിശ്വാസത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് വര്‍ഗീയകലാപം ഉണ്ടാക്കി ചേരിതിരിവ് സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
അങ്ങനെ തെറ്റിധാരണ ഉണ്ടാക്കി കുറച്ചുപേരെ ഒപ്പം നിര്‍ത്തി സാമൂഹിക പരിഷ്‌കരണം തടസപ്പെടുത്താനാണ് അവരുടെ നീക്കം. അത് കേരളം പോലുള്ള മതനിരപേക്ഷ സംസ്ഥാനത്തു നടക്കില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
ശബരിമലയുടെ പേരില്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന സമരങ്ങള്‍ സുപ്രിംകോടതി വിധിക്കെതിരാണ്. ഇതു ജനാധിപത്യത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. ദര്‍ശനത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ശബരിമല സന്നിധാനത്ത് അനന്തമായി തങ്ങാന്‍ ആരെയും അനുവദിക്കില്ല.
അതിനെതിരേ ആഹ്വാനം നടത്തി സംഘം ചേരാന്‍ കഴിയുമെന്ന് വ്യാമോഹിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."