സഊദിയോട് ചോദ്യങ്ങള്‍ തീരുന്നില്ലെന്ന് തുര്‍ക്കി
അങ്കാറ: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ കഷോഗിയുടെ കൊലപാതകത്തില്‍ ഇനിയും ഒരുപാടു ചോദ്യങ്ങള്‍ക്കു സഊദിയുടെ മറുപടി ലഭിക്കേണ്ടതുണ്ടെന്നു തുര്‍ക്കി. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കാവുസോഗ്ലുവാണ് സഊദിക്കെതിരേ സംശയമുനയെറിഞ്ഞു വീണ്ടും രംഗത്തെത്തിയത്.
അറസ്റ്റിലായ 18 പേര്‍ക്ക് ആരാണ് കൃത്യം നടത്താന്‍ ഉത്തരവ് നല്‍കിയത്?, കഷോഗിയുടെ മൃതദേഹമെവിടെയാണ്?, അറസ്റ്റിലായവരാണ് കൃത്യം നിര്‍വഹിച്ചതെന്നു നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കാവുസോഗ്ലു ഉന്നയിച്ചത്.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട ശബ്ദരേഖ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവിക്കു കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്ന സി.ഐ.എ ഡയരക്ടര്‍ ഗിന ഹാസ്പലിനെയാണ് സംഭവത്തില്‍ നിര്‍ണായകമായ തെളിവുകളടങ്ങിയ ശബ്ദരേഖ തുര്‍ക്കി അധികൃതര്‍ കേള്‍പ്പിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി സഊദി പബ്ലിക് പ്രോസിക്യൂട്ടറും രംഗത്തെത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഈ ആരോപണമുന്നയിച്ചിരുന്നു. തുര്‍ക്കിയുമായുള്ള ബന്ധം തകരുകയില്ലെന്നും താനും രാജാവും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."