കാലിക്കറ്റ് സര്‍വകലാശാല അധികമനുവദിച്ച ബിരുദ സീറ്റുകള്‍ ജില്ലയ്ക്ക് പ്രയോജനമായേക്കും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുളള കോളജുകളിലെ റെഗുലര്‍ ബിരുദ സീറ്റുകളിലേക്കു കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചു മലപ്പുറം -കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനമാകും.സ്റ്റാറ്റൂട്ടറി പരിധിക്കനുസരിച്ചു കൂടുതല്‍ സീറ്റുകളിലേക്കു പ്രവേശനം നടത്താന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റിലാണു തീരുമാനം.
ഇതടിസ്ഥാനത്തില്‍ അയ്യായിരത്തിനടുത്തു പുതിയ സീറ്റുകള്‍ ഒഴിവു വരുമെന്നാണു കണക്കാക്കുന്നത്.നിലവില്‍ സര്‍വകലാശാലക്കു കീഴിലെ ഗവണ്‍മെന്റ് -എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു മുഴുവന്‍ ബാധകമാകുന്ന തരത്തിലാണു തീരുമാനം. കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ മലപ്പുറം ജില്ലയില്‍ തൊണ്ണൂറോളം അംഗികൃത കോളജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ എണ്‍പതോളം ഗവണ്‍മെന്റ്-എയ്ഡഡ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. അലോട്‌മെന്റ് കണക്കനുസരിച്ച് ഏറെക്കുറെ മലപ്പുറം - കോഴിക്കോട് ജില്ലകളില്‍ നിന്നാണു കൂടുതല്‍ അപേക്ഷകരുള്ളത്.
ഏകജാലക സംവിധാനം വഴി 1.2ലക്ഷം പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. നിലവില്‍ 34000 സീറ്റുകളിലേക്കു പ്രവേശനം നടന്നു കഴിഞ്ഞു. 26000 സീറ്റുകള്‍ മാനേജ്‌മെന്റ് ക്വാട്ട വഴി പ്രവേശനം നടക്കും. പ്രവേശനം ലഭിക്കാത്ത 60000 പേരില്‍ നിന്നായിരിക്കും പുതിയ സീറ്റുകളിലേക്കുള്ള പ്രവേശനം. പുതിയ സീറ്റ് കൂടുക വഴി ഏതെങ്കിലും കോളജുകളില്‍ വല്ല മാറ്റവും അനിവാര്യമായാല്‍ മാത്രമായിരിക്കും ഓപ്ഷന്‍ മാറ്റാന്‍ സൗകര്യം ചെയ്യുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുള്ളൂ.
വരുന്ന അഞ്ചാം തിയ്യതി ആണ് അഞ്ചാം അലോട്‌മെന്റിനു സര്‍വകലാശാല തീരുമാനിച്ചിരിക്കുന്ന തിയ്യതി. ഇന്നു ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ 29, 30 തീയതികളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റാന്‍ അവസരം നല്‍കിയതിനാല്‍ ഇനിയൊരു ചാന്‍സ് ഉണ്ടാകില്ല. അവസാന അലോട്‌മെന്റിന് ശേഷം സ്‌പെഷ്യല്‍ അലോട്‌മെന്റ് വിളിച്ചാകും പുതിയ സീറ്റുകളിലേക്കു പ്രവേശനം നടത്തുക. കോളജുകളുടെയും അപേക്ഷകരുടെയും എണ്ണമനുസരിച്ചു മലപ്പുറം-കോഴിക്കോടു ജില്ലക്ക് കൂടുതല്‍ പ്രയോജനമായേക്കും അധികമനുവദിച്ച സീറ്റുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."