കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലില്‍ കൈയാങ്കളി
കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ - പ്രതിപക്ഷ കൈയാങ്കളി. ബഹളത്തിനിടയില്‍ പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹ്മാന്റെ കണ്ണിന് പരുക്കേറ്റു. അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ കൗണ്‍സിലര്‍മാരായ അഡ്വ.വിദ്യാ ബാലകൃഷണന്‍, ആയിഷാബി പാണ്ടികശാല എന്നിവര്‍ക്കും കൗണ്‍സിലര്‍ കെ.ടി ബീരാന്‍ കോയയ്ക്കും മര്‍ദനമേറ്റതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് അജണ്ടകളെല്ലാം പാസാക്കി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.
സി.പി.എം കൗണ്‍സിലര്‍ എം.പി സുരേഷിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിവാദമായ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ പരാതിയിലുണ്ടായ ബഹളമാണ് കൈയേറ്റത്തിലേക്കും പോര്‍വിളിയിലേക്കും നയിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച യോഗം തുടക്കത്തില്‍ തന്നെ ബഹളമയമായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയ ഉടനെ പ്രമേയങ്ങള്‍ ഒന്നൊന്നായി പാസാക്കാന്‍ ഭരണപക്ഷം ശ്രമം തുടങ്ങി. തിരികെ വന്ന പ്രതിപക്ഷം ഇതിനെതിരേ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്നായിരുന്നു മേയറുടെ ഡയസിനടുത്ത് കൈയാങ്കളി നടന്നത്. പ്രതിപക്ഷത്തെ മാനിക്കാത്ത നടപടിയില്‍ പ്രതിഷേധമുയര്‍ത്തുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവാദമുണ്ടാക്കി അജണ്ട പാസാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് കൗണ്‍സിലില്‍ നടന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."