ട്രംപ് വിമര്‍ശകരെത്തേടി ലെറ്റര്‍ ബോംബുകള്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ ഡെമോക്രാറ്റിക് നേതാക്കള്‍ അടക്കം ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശകരെ ലക്ഷ്യമിട്ടു ലെറ്റര്‍ ബോംബുകളുടെ പ്രവാഹം. മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍, ഓസ്‌കാര്‍ ജേതാവ് കൂടിയായ യു.എസ് നടന്‍ റോബര്‍ട്ട് ഡി നിറോ, സി.എന്‍.എന്‍ ചാനലില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മുന്‍ സി.ഐ.എ ഡയരക്ടര്‍ ജോണ്‍ ബ്രണ്ണന്‍ എന്നിവരെ ലക്ഷ്യമിട്ട് അയച്ച ലെറ്റര്‍ ബോംബുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അടക്കമുള്ള പ്രമുഖര്‍ക്കു കഴിഞ്ഞ ദിവസം സമാന രീതിയില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ കത്തുകള്‍ ലഭിച്ചിരുന്നു. തിങ്കളാഴ്ചയാണ് ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി, ഫ്‌ളോറിഡ എന്നിവിടങ്ങളിലുള്ള വിവിധ ഡെമോക്രാറ്റിക് പാര്‍ട്ടി കേന്ദ്രങ്ങള്‍, ട്രംപ് വിമര്‍ശകര്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ലെറ്റര്‍ ബോംബുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്. ശതകോടീശ്വരനും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖ്യ സാമ്പത്തിക സ്രോതസുമായ ജോര്‍ജ് സോറോസിനാണ് ആദ്യമായി സ്‌ഫോടകവസ്തു അടങ്ങിയ ബോംബ് ലഭിച്ചത്.
ഇത് ഉദ്യോഗസ്ഥരെത്തി നിര്‍വീര്യമാക്കിയിരുന്നു. ഇതിനു പിറകെയാണ് ഒബാമയെവരെ ലക്ഷ്യമിട്ടു ലെറ്റര്‍ ബോംബുകളുടെ പരമ്പര തുടങ്ങിയത്. ഇതോടെ സംഭവം അമേരിക്കയില്‍ വന്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കത്തുകളുടെ ഉറവിടം തേടി എഫ്.ബി.ഐ ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റോബര്‍ട്ട് ഡി നിറോയുടെ ഉടമസ്ഥതിയിലുള്ള മാന്‍ഹാട്ടനിലെ ട്രിബേക്ക ഗ്രില്‍ റെസ്റ്റോറന്റില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെയാണ് കത്ത് കണ്ടെത്തിയത്. നേരത്തെ സി.എന്‍.എന്‍, ഡെമോക്രാറ്റിക് നേതാക്കള്‍ എന്നിവര്‍ക്കു ലഭിച്ച കത്തുകള്‍ക്കു സമാനമായിരുന്നു ഇതും.
കടുത്ത ട്രംപ് വിമര്‍ശകനായ നിറോ പ്രസിഡന്റിനെ ഒരു പുരസ്‌കാര ചടങ്ങില്‍ 'ദേശീയ ദുരന്തം' എന്നു വരെ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരേ ഐ.ക്യു കുറഞ്ഞ മനുഷ്യനാണ് നിറോയെന്നു ട്രംപും തിരിച്ചടിച്ചിരുന്നു.
നിറോയ്ക്കു പിറകെയാണ് മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്റെ വസതിയില്‍നിന്നു സമാനമായ സാഹചര്യത്തില്‍ മറ്റൊരു ലെറ്റര്‍ ബോംബ് കണ്ടെത്തിയത്. നാലു ദിവസത്തിനിടെ അമേരിക്കയില്‍ ഇത്തരത്തില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ കത്ത് ലഭിക്കുന്ന ഒന്‍പതാമത്തെ പ്രമുഖ വ്യക്തിയാണ് ജോ ബിഡന്‍. ബുധനാഴ്ച ബ്രണ്ണന്റെ വിലാസത്തില്‍ സി.എന്‍.എന്റെ ന്യൂയോര്‍ക്കിലെ ഓഫിസില്‍ ലെറ്റര്‍ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്നു ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."